കേന്ദ്രത്തിന്റെ സമീപനത്തിൽ നിരാശ മാത്രം, വയനാട് ദുരന്തത്തിൽ കാണാതായവർക്കുളള തെരച്ചിൽ വീണ്ടും നടത്തുമെന്ന് മന്ത്രി
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കാണാതായവർക്കുളള തെരച്ചിൽ നടത്താൻ സർക്കാർ തയ്യാറാണെന്ന് മന്ത്രി കെ രാജൻ. ഉരുൾപൊട്ടലിൽ കാണാതായ 122 പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. 55 ശരീര ഭാഗങ്ങൾ ഡിഎൻഎ പരിശോധന പോലും സാദ്ധ്യമല്ലാത്ത തരത്തിലായിരുന്നു. തെരച്ചിൽ തുടരാൻ സർക്കാർ തയ്യാറാണെന്നും കൂടിയാലോചനകൾക്ക് ശേഷം തീയതി തീരുമാനിക്കാമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
‘വയനാട് ദുരന്തത്തിൽ കേന്ദ്ര സമീപനത്തിൽ നിരാശ ഉണ്ട്. കേന്ദ്ര സഹായം സംബന്ധിച്ച ഒരു നീക്കവും ഇതുവരെ ഇല്ല. 1202 കോടി രൂപയുടെ നഷ്ടം കണക്കാക്കി ഓഗസ്റ്റിൽ നിവേദനം കൊടുത്തിരുന്നു. പക്ഷേ ഒന്നും ഉണ്ടായില്ല. വയനാട് ദുരിതാശ്വാസത്തിനായി വീണ്ടും കേന്ദ്രത്തെ സമീപിക്കും. കേരളത്തിന്റെ ആവശ്യവും പ്രതിഷേധവും അറിയിക്കും’-മന്ത്രി പറഞ്ഞു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായവർക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കും എല്ലാ സഹായങ്ങളും സർക്കാർ ചെയ്തുവരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിയിച്ചിരുന്നു. ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആശ്രിതരായ 131 കുടുംബങ്ങൾക്ക് എസ്.ഡി.ആർ.എഫ്(നാല് ലക്ഷം), സി.എം.ഡി.ആർ.എഫ് (രണ്ട് ലക്ഷം) എന്നിവ ചേർത്ത് ആറ് ലക്ഷം നൽകി. ആകെ എസ്.ഡി.ആർ.എഫിൽ നിന്ന് 5,24,00,000, സി.എം.ഡി.ആർ.എഫിൽ നിന്ന് 2,62,00,000 രൂപയും നൽകി. മരണപ്പെട്ട 173 പേരുടെ സംസ്‌കാര ചടങ്ങുകൾക്കായി കുടുംബങ്ങൾക്ക് 10,000 രൂപ വീതം നൽകി. പരിക്കേറ്റ് ഒരാഴ്ചയിൽ കൂടുതൽ ആശുപത്രിവാസം ആവശ്യമായി വന്ന 26 പേർക്ക് 17,16,000 രൂപ നൽകി. ഇതിൽ 4,16,000 എസ്.ഡി.ആർ.എഫിൽ നിന്നും 13 ലക്ഷം സി.എം.ഡി.ആർ.എഫിൽ നിന്നും അനുവദിച്ചു.
Source link