രത്തൻ ടാറ്റ 1937 – 2024
മുംബയ്: ഇന്ത്യൻ വ്യവസായ മേഖലയിലെ ടാറ്റ കുടുംബത്തിന്റെ മഹിത പാരമ്പര്യത്തിന്റെ പിന്മുറക്കാരനും ആഗോള വ്യവസായ സാമ്രാജ്യത്തിന്റെ അധിപനും ടാറ്റ സൺസ് എമരിറ്റസ് ചെയർമാനുമായ രത്തൻ നവൽ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. ഇന്നലെ രാത്രി മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
വാർദ്ധക്യത്തിന്റെ അവശതകൾ കാരണം തിങ്കളാഴ്ച പുലർച്ചെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശങ്ക വേണ്ടെന്നും പതിവ് മെഡിക്കൽ ചെക്കപ്പ് ആണെന്നും തിങ്കളാഴ്ച അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ അറിയിച്ചിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് ഇന്റൻസിവ് കെയർ യൂണിറ്റിലേക്ക് മാറ്റി. അവിവാഹിതനാണ്. രാഷ്‌ട്രം പദ്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമ്മുവും അനുശോചനം രേഖപ്പെടുത്തി.
ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെ മകനായി 1937 ഡിസംബർ 28നു ജനനം. കോർണൽ സർവകലാശാലയിൽ നിന്ന് ആർക്കിടെക്‌ചറൽ എൻജിനീയറിംഗ് ബിരുദം. 21 വർഷം (1991–2012) ടാറ്റ ഗ്രൂപ്പിനെ നയിച്ചു. ടാറ്റയെ രാജ്യാന്തര ബ്രാൻഡ് ആക്കി. ആഗോളവൽക്കരണത്തിന്റെ വെല്ലുവിളികൾക്കിടെ, ലയനങ്ങളിലൂടെയും ഏറ്റെടുക്കലുകളിലൂടെയും ടാറ്റ ഗ്രൂപ്പിന് രാജ്യാന്തര കുതിപ്പ് നൽകി.
1868ൽ ജാംസേട്ട്ജി ടാറ്റ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പിനെ ആധുനിക കാലത്തിനനുസൃതമായി വളർത്തി ആറ് ഭൂഖണ്ഡങ്ങളിലെ നൂറ് രാജ്യങ്ങളിൽ സാന്നിദ്ധ്യമുള്ള സാമ്രജ്യമായി വികസിപ്പിച്ചത് രത്തൻ ടാറ്റയാണ്. നടപ്പ് വർഷം ടാറ്റ ഗ്രൂപ്പിന്റെ മൊത്തം വരുമാനം 16500കോടിഡോളറാണ് – 15ലക്ഷം കോടി രൂപ. പത്ത്ലക്ഷം ജീവനക്കാരാണ് ലോകമെമ്പാടും ഉള്ളത്.
ഐ.ടി, ഹോട്ടൽ, ടൂറിസം, ആരോഗ്യം, ശാസ്‌ത്ര ഗവേഷണം, ഉരുക്ക്, ഓട്ടോമൊബൈൽ, വൈദ്യുതി തുടങ്ങി വിവിധ വ്യവസായ മേഖലകളിൽ 30ലേറെ കമ്പനികളായി വ്യാപിച്ചു കിടക്കുന്ന വ്യവസായ ലോകമാണ് രത്തൻ ടാറ്റ കെട്ടിപ്പടുത്തത്. ഐ.ടി, ഡിജിറ്റൽ ബിസിനസ് സർവീസ് മേഖയിൽ ആഗോള സാന്നിദ്ധ്യമുള്ള കമ്പനിയായി ടാറ്റ കൺസൾട്ടൻസിയെ വളർത്തി. ടാറ്റ സ്റ്റീൽ, ടാറ്റ പവർ, ടാറ്റ കൺസൾട്ടൻസി, ടാറ്റ മോട്ടോഴ്സ്, ഇന്ത്യൻ ഹോട്ടൽസ്, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് തുടങ്ങിയവയാണ് പ്രധാന കമ്പനികൾ. സ്റ്റീൽ വ്യവസായം നിറുത്താനുള്ള ആലോചനയിലായിരുന്നു.
ഇന്ത്യയുടെ സ്വന്തം കാറുകൾ നിർമ്മിച്ച് കാർവ്യസായ രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച കമ്പനിയാണ് ടാറ്റ മോട്ടോഴ്സ്. ഇന്ത്യക്കാർക്കു വേണ്ടി ഇന്ത്യയിൽ നിർമ്മിച്ച ടാറ്റ ഇൻഡിക്ക കാറും ലോകത്തെ ഏറ്റവും വില കുറഞ്ഞ നാനോ കാറും രത്തൻ ടാറ്റയുടെ ദീർഘ വീക്ഷണത്തിന്റെ തെളിവായി. സാധാരണക്കാർക്കു താങ്ങാവുന്ന വിലയുള്ള സ്വച്‌ഛ് വാട്ടർ പ്യൂരിഫയറും ജനപ്രിയമായി.
ലാൻഡ് റോവറും
ഇന്ത്യനാക്കി മടക്കം
1991ലാണ് ടാറ്റ സൺസ് ചെയർമാൻ ആയത്. അദ്ദേഹത്തിന്റെ നേതതൃത്വത്തിൽ ടാറ്റ ഗ്രൂപ്പ് ഇന്ത്യൻ കമ്പനി എന്ന ലേബലിൽ നിന്ന് ആഗോള വ്യസായ ഭീമനായി മാറി. ജാഗ്വാർ ലാൻഡ് റോവർ, ടെറ്റ്ലി, കോറസ് തുടങ്ങിയ ആഗോള കമ്പനികൾ ഏറ്റെടുത്താണ് അദ്ദേഹം ടാറ്റാ സാമ്രാജ്യം വിപുലമാക്കിയത്. ലാൻഡ് റോവർ ഉത്പാദനം ഇന്ത്യയിൽ തുടങ്ങി, 60 ലക്ഷം വരെ വില കുറച്ച് മാർക്കറ്റിലിറക്കി. ഇരുപത്തൊന്ന് വർഷം ഗ്രൂപ്പിനെ നയിച്ച രത്തൻ ടാറ്റ 2012ഡിസംബറിൽ ചെയർമാൻ സ്ഥാനം ഒഴിഞ്ഞു. 91 വർഷം മുമ്പ് ടാറ്റ എയർലൈൻസ് എന്ന പേരിൽ ജെ. ആർഡി ടാറ്റ തുടങ്ങിയ ഇന്ത്യയുടെ സ്വന്തം വിമാനകമ്പനി 1953ൽ എയർ ഇന്ത്യ എന്ന് പേര് മാറ്റി ദേശസാൽക്കരിച്ചിരുന്നു. അത് തിരികെ രത്തൻ ടാറ്റയുടെ കൈയിൽ തന്നെ വന്നു ചേർന്നു.
ടാറ്റയുടെ മന്ത്രങ്ങൾ
1. ഉയർച്ച താഴ്ചകളുണ്ടെങ്കിൽ മാത്രമേ ജീവിതം അർത്ഥപൂർണമാകൂ. കുഴപ്പങ്ങളില്ലാതെ പോകുന്ന ജീവിതം നിരർത്ഥകമാണ്. ഇ.സി.ജിയിൽ നേർരേഖ വരുന്നതിനർത്ഥം നമ്മുടെ മരണമാണ്. ഇത് തന്നെയാണ് ജീവിതത്തിലും സംഭവിക്കുന്നത്.
2. നിങ്ങൾക്ക് വേഗത്തിൽ മുന്നേറണമെങ്കിൽ തനിച്ച് സഞ്ചരിക്കുക. എന്നാൽ കൂടുതൽ ദൂരം താണ്ടണമെങ്കിൽ ഒരുമിച്ച് നടക്കുക.
3. ആളുകൾ നിങ്ങളുടെ നേരെ എറിയുന്ന കല്ലുകൾ സൂക്ഷിച്ച് വയ്ക്കുക. അവ ഉപയോഗിച്ച് ഒരു സ്മാരകം പണിയുക.
4. ഇരുമ്പിനെ നശിപ്പിക്കാൻ തുരുമ്പിനല്ലാതെ മറ്റാർക്കും കഴിയില്ല. അതുപോലെ, ഒരു വ്യക്തിയെ നശിപ്പിക്കാൻ അവന്റെ ചിന്തകൾക്കല്ലാതെ മറ്റാർക്കും സാധിക്കില്ല.
5. ഞാൻ സഞ്ചരിച്ച വഴികളിൽ ചിലരെ വേദനിപ്പിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, ലക്ഷ്യം നിറവേറ്റുന്നതിനായി പല സാഹചര്യങ്ങളിലും കൃത്യമായ നിലപാടെടുത്തയാളായി ഓർമിക്കപ്പെടാനാണ് എന്റെ ആഗ്രഹം.
Source link