കൊച്ചി: സംസ്ഥാനത്ത് സർവീസ് നടത്തുന്ന ട്രെയിനുകളിൽ യാത്രക്കാർക്ക് ശല്യമായി ഭിക്ഷാടന സംഘങ്ങൾ. ജനറൽ കമ്പാർട്ടുമെന്റുകളിൽ പലപ്പോഴും നിർബന്ധിത പണപ്പിരിവാണ് നടക്കുന്നത്. ഇത് സംബന്ധിച്ച് റെയിൽവേ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് റെയിൽവേ അധികൃതർക്ക് പരാതി നൽകി.
അന്യസംസ്ഥാന ഭിക്ഷാടകരുടെ വലിയ സംഘങ്ങൾ സജീവമാണ്. തിരക്കുള്ള ട്രെയിനുകൾ തിരഞ്ഞുപിടിച്ചാണ് കയറുന്നത്. ഭിക്ഷ കിട്ടാതെ പോവുകയില്ലെന്ന നിലപാട് സ്വീകരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. മദ്യപിച്ചെത്തി യാത്രക്കാരെ അസഭ്യം പറയുന്നവരുമുണ്ട്.
രോഗികളായും ശാരീരിക വൈകല്യമുള്ളവരായും തല മറച്ചും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ അഭിനയിച്ചും കൈയും കാലുമൊക്കെ പ്ലാസ്റ്ററും ചുറ്റി അഭിനയിക്കുന്നവരുമുണ്ട്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഭാരവാഹികൾ പറയുന്നത്.
രീതിയിങ്ങനെ…
പുലർച്ചെ ഒത്തുകൂടി ഭിക്ഷ യാചിക്കേണ്ട ട്രെയിനുകൾ ഇവർ തന്നെ തീരുമാനിക്കും. യാചിച്ച് ഉണ്ടാക്കുന്ന പണം വൈകിട്ട് വീതിച്ചെടുക്കുന്നതാണ് രീതി.
ഭിക്ഷാടനം പലതരത്തിൽ ഒപ്പം മോഷണവും
കുട്ടികളുമായെത്തി പാട്ടുപാടിയും കമ്പാർട്ടുമെന്റുകൾ തുടച്ചും ഭിക്ഷ ചോദിക്കുന്നു. ഇവരിൽ മോഷ്ടാക്കളുമുണ്ട്. മാസങ്ങൾക്ക് മുമ്പ് ലാപ്ടോപ് അടങ്ങുന്ന ബാഗ് മോഷ്ടിച്ച ആളെ ആർ.പി.എഫ് പിടികൂടിയിരുന്നു. ഷൂസ് അഴിച്ചിട്ട് കിടന്നുറങ്ങുന്നവരുടെ ഷൂസും മോഷണം പോകുന്നു.
നടപടിയുണ്ടാകും: റെയിൽവേ
ട്രെയിനിൽ ഭിക്ഷാടനം നടത്തുന്നവർക്കെതിരെ നടപടി എടുക്കുന്നുണ്ടെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. പലരും ടിക്കറ്റ് എടുത്താണ് ട്രെയിനിൽ കയറുന്നത്. മുഷിഞ്ഞ വസ്ത്രത്തിന്റെയും മറ്റും പേരിൽ ടിക്കറ്റ് എടുത്തവരെ ട്രെയിനിൽ കയറ്റാതിരിക്കാനാവില്ല. കണ്ടെത്തുന്ന ഭിക്ഷക്കാരെ ആർ.പി.എഫ് ഉദ്യോഗസ്ഥർ പിടികൂടുന്നുണ്ട്. ഉത്സവത്തിനും ആഘോഷത്തിനും വില്പനയ്ക്ക് എത്തുന്നവരിൽ ഒരു വിഭാഗമാണ് ഭിക്ഷാടനത്തിനിറങ്ങുന്നതെന്നാണ് റെയിൽവേയ്ക്ക് ലഭിച്ചിട്ടുള്ള വിവരം. ചെറിയ സ്റ്റേഷനുകളാണ് താവളം. തിരക്കില്ലാത്ത സ്റ്റേഷനിൽ ഇറങ്ങി മടങ്ങിയെത്തും.
ട്രെയിനിൽ ഭിക്ഷാടനം നടത്തുന്നവർക്കെതിരെ നടപടി വേണം. ആർ.പി.എഫ് ഇല്ലാത്ത ചെറിയ സ്റ്രേഷുകളിൽ നിന്നാണ് ഇവർ കയറുന്നത്.-അരുൺ കുമാർ (യാത്രക്കാരൻ).
Source link