കൊച്ചി: ശബരിമല ക്ഷേത്രത്തിൽ ഒരുദിവസം 80,000 പേർക്കാണ് ദർശനസൗകര്യമെന്നും ഓൺലൈനിൽ ബുക്ക് ചെയ്യണമെന്നും ശഠിക്കുന്നത് അംഗീകരിക്കാനാവില്ല. ഓൺലൈൻ സൗകര്യം ഇല്ലാത്ത സാധാരണക്കാർ എന്തുചെയ്യും. എല്ലാവർക്കും തുല്യഅവസരം ലഭിക്കണം. വിശ്വാസികളുടെ ജന്മാവകാശത്തിലുള്ള കൈകടത്തലാണിത്. ഓരോ ക്ഷേത്രത്തിനും അതിന്റേതായ ആചാരാനുഷ്ഠാനങ്ങളുണ്ട്. മൂലമന്ത്രം അനുസരിച്ചാണ് ഓരോ ക്ഷേത്രത്തിന്റെയും പ്രതിഷ്ഠ, അനുഷ്ഠാനം, പൂജകൾ തുടങ്ങിയവ നിശ്ചയിക്കുന്നത്. ഭക്തനും മൂർത്തിയും ഒരേ പേരിൽ അറിയപ്പെടുകയും എല്ലാ മതസ്ഥർക്കും പ്രവേശനം അനുവദിക്കുകയും ചെയ്യുന്ന ഒരേയൊരു ക്ഷേത്രമാണ് ശബരിമല. സകലരും അവിടെ അയ്യപ്പന്മാരാണ്. എല്ലാവരും ഒന്നാണെന്ന ആ സങ്കൽപത്തെ അട്ടിമറിക്കുന്നതാണ് ഈ നീക്കം. ഓൺലൈനിൽ ബുക്ക് ചെയ്യാത്തവർ തൊഴേണ്ട എന്ന് പറയാൻ ആർക്കാണ് അധികാരം. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം പാടില്ലെന്നതും മറ്റുമുള്ള ആചാരം ആ മൂർത്തിയുടെ പ്രത്യേകതകൊണ്ടാണ്. വ്രതം നോക്കാതെ എല്ലാവർക്കും പ്രവേശനം അനുവദിക്കുന്ന എത്രയോ അയ്യപ്പക്ഷേത്രങ്ങളുണ്ട്. കഠിനവ്രതം നോറ്റെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പന്മാരെ വേദനിപ്പിക്കരുത്.
ഒരു തീരുമാനമെടുക്കുമ്പോൾ ദേവഹിതം അറിയുകയെന്നത് പ്രധാനമാണ്. ദേവപ്രശ്‌നം നടത്തിയിട്ടാണോ ഈ നീക്കമെന്ന് അധികൃതർ വ്യക്തമാക്കണം. ദേവഹിതം എതിരാണെങ്കിൽ ലംഘിക്കാൻ സർക്കാരിനോ കോടതിക്കോ ആവുമോ?. ഭക്തരെ തടയാനോ നിരുത്സാഹപ്പെടുത്താനോ ആർക്കും അധികാരമില്ല. ഓൺലൈനിൽ ബുക്ക് ചെയ്തവർക്കും അല്ലാത്തവർക്കും ദർശനം അനുവദിക്കണം. സുരക്ഷയെ ബാധിക്കാത്തവിധം എത്രപേർ വീതമെന്ന് നിശ്ചയിക്കാം. മറിച്ചുള്ള തീരുമാനം ഭക്തരെ തരംതിരിക്കുന്നതിന് തുല്യമാണ്. ഏത് കാര്യവും ഭക്തരുടെ താത്പര്യം മുൻനിറുത്തിയാവണം.
ഓരോ ഭക്തന്റെയും ജന്മാഭിലാഷമാണ് ശബരിമല ദർശനം. അയൽ സംസ്ഥാനങ്ങളിൽനിന്ന് കാൽനടയായി വരുന്നവരുമേറെയാണ്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അവരെയെല്ലാം വേദനിപ്പിക്കും. വിശ്വാസിക്ക് വേദനയുണ്ടാക്കുന്ന ഒരു കാര്യവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകരുത്. തിരക്കുകുറയ്ക്കണം എന്ന ഉദ്ദേശ്യശുദ്ധിയാണെങ്കിൽ മറ്റ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയാണ് വേണ്ടത്. സുഗമമായി ദർശനം നടത്തുകയെന്നത് ഭക്തന്റെ അവകാശമാണ്. അനാവശ്യതീരുമാനങ്ങൾ ഭക്തരെ വേദനിപ്പിക്കുമെന്നു മാത്രമല്ല, നാടിന് ഗുണകരമാകുകയുമില്ല.
( കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറും മുൻ പി.എസ്.സി ചെയർമാനുമാണ് ലേഖകൻ )
Source link