കൊല്ലം:ഒരു കാലത്ത് സിനിമയിലും സീരിയലിലും തിളങ്ങിയ നടൻ ടി.പി.മാധവൻ (88) അന്തരിച്ചു. എട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു. ഉദര രോഗം മുർച്ഛിച്ച് ഒരാഴ്ചയായി കൊല്ലത്തെ സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച അടിയന്തര ശസ്ത്രക്രിയനടത്തി. ഇന്നലെ രാവിലെ 9.15 ഓടെ അന്ത്യം.
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 9 ഓടെ പത്തനാപുരം ഗാന്ധിഭവനിലെത്തിക്കും. പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് ഒന്നോടെ തിരുവനന്തപുരത്തേക്ക് വിലാപയാത്രയായി കൊണ്ടുപോകും. വൈകിട്ട് 3ന് ഭാരത്‌ഭവനിൽ പൊതുദർശനത്തിനു ശേഷം വൈകിട്ട് അഞ്ചോടെ അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ശാന്തികവാടത്തിൽ സംസ്‌കരിക്കും.
നാൽപ്പതാം വയസിൽ സിനിമയിൽ എത്തി. അറുനൂറോളും സിനിമകളിലും മുപ്പതിലധികം സീരിയലുകളിലും വേഷമിട്ടു.
കൊൽക്കത്തയിൽ നടൻ മധുവുമായുള്ള കണ്ടുമുട്ടലാണ് സിനിമയിലേക്ക് വഴിയൊരുക്കിയത്. 1975ൽ മധു സംവിധാനം ചെയ്ത ‘കാമം ക്രോധം മോഹം’ ആണ് ആദ്യ സിനിമ. 1983 ൽ ചന്ദ്രകുമാർ സംവിധാനം ചെയ്ത ‘ആന’ എന്ന ചിത്രം നിർമ്മിച്ചു. താരസംഘടനയായ ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായി. തുടർച്ചയായി പത്തുവർഷം ആ സ്ഥാനം വഹിച്ചു. പ്രേംനസീർ അവാർഡും രാമു കാര്യാട്ട് പുരസ്കാരവും ലഭിച്ചു.
ഭാര്യ: പരേതയായ ഗിരിജ. മക്കൾ: ദേവിക, ബോളിവുഡ് സംവിധായകൻ രാജകൃഷ്ണ മേനോൻ.
Source link