സ്റ്റോക്ഹോം: ജീവനുള്ള വസ്തുക്കളുടെ പ്രധാന നിർമാണഘടകമായ പ്രോട്ടീനുകളെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കു രസതന്ത്ര നൊബേൽ. ബ്രിട്ടീഷ് കംപ്യൂട്ടർ ശാസ്ത്രജ്ഞൻ ഡെമിസ് ഹാസബിസ്, അമേരിക്കൻ ഗവേഷകൻ ജോൺ മൈക്കിൾ ജംപർ, അമേരിക്കൻ ബയോകെമിസ്റ്റ് ജോൺ ബേക്കർ എന്നിവർ പുരസ്കാരം പങ്കുവച്ചു. 1.1 കോടി സ്വീഡിഷ് ക്രോണർ (11 ലക്ഷം ഡോളർ) വരുന്ന സമ്മാനത്തുകയുടെ ഒരു പാതി ഡെമിസ് ഹാസബിസിനാണ്. രണ്ടാം പാതി ജോൺ ജംപറും ജോൺ ബേക്കറും പങ്കുവയ്ക്കും. ഗൂഗിളിന്റെ ആർട്ടിഫിഷൽ ഇന്റലിജൻസ് (നിർമിതബുദ്ധി) ഗവേഷണ സ്ഥാപനമായ ഡീപ്മൈന്റ് ടെക്നോളജീസിന്റെ സഹസ്ഥാപകനാണ് ഡെമിസ് ഹാസബിസ്. ഹാസബിസും ഡീപ്മൈന്റിലെ മറ്റൊരു ഗവേഷകനായ ജോൺ ജംപറും ചേർന്നാണ്, പ്രോട്ടീനുകളുടെ ഘടന നിർണയിക്കാൻ സഹായിച്ച ‘ആൽഫാഫോൾഡ് 2’ എന്ന നിർമിതബുദ്ധി പ്രോഗ്രാം തയാറാക്കിയത്.
രസതന്ത്രത്തിൽ വിപ്ലവം സൃഷ്ടിച്ച ഇവരുടെ ഗവേഷണങ്ങളാണ് ഇന്നു ലോകവ്യാപകമായി ഇരുപതു കോടിയോളം പ്രോട്ടീനുകളുടെ ഘടന നിർണയിക്കാൻ സഹായിക്കുന്നതെന്നു നൊബേൽ പുരസ്കാരം നല്കുന്ന റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് വിലയിരുത്തി. അമിനോ ആസിഡുകൾ ഉപയോഗിച്ച് പുതിയ പ്രോട്ടീനുകൾ നിർമിക്കാമെന്ന ജോൺ ബേക്കറിന്റെ കണ്ടുപിടിത്തം വാക്സിനുകൾ അടക്കമുള്ള മരുന്നുകളുടെ ഉത്പാദനത്തിൽ വഴിത്തിരിവായെന്നും അക്കാഡമി കൂട്ടിച്ചേർത്തു.
Source link