ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടന്നെങ്കിൽ തന്നെ എന്തുകൊണ്ട് അറിയിച്ചില്ലെന്ന് ഗവർണർ, ബോധപൂർവമായ വീഴ്‌ചയുണ്ടായില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ദി ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തെ അടിസ്ഥാനമാക്കി ശക്തമായ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മലപ്പുറം കേന്ദ്രീകരിച്ച് സ്വർണക്കടത്ത് ഹവാല ഇടപാടുകൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണെങ്കിൽ ഇക്കാര്യം എന്തുകൊണ്ട് മുഖ്യമന്ത്രി തന്നെ അറിയില്ലെന്ന് ഗവർണർ ചോദിച്ചു. പൊലീസ് വെബ്‌സൈറ്റിലും ഇത് പറയുന്നുണ്ട്. പി ആർ വിവാദത്തിൽ മുഖ്യമന്ത്രിയെയാണോ ഹിന്ദു ദിനപത്രത്തെയോ ആരെയാണ് വിശ്വസിക്കേണ്ടത്? ഹിന്ദുവാണ് കള്ളം പറയുന്നതെങ്കിൽ അവർക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ല? തനിക്ക് വിശദീകരണം നൽകാൻ മുഖ്യമന്ത്രിയ്‌ക്ക് ഭരണഘടനാപരമായ ബാദ്ധ്യതയുണ്ടെന്നും തന്റെ കത്തിന് മറുപടി തരാൻ മുഖ്യമന്ത്രി 20 ദിവസത്തോളം എടുത്തു. അതെന്തോ ഒളിക്കാനുള്ളതുകൊണ്ടാണെന്നും ഗവർണർ ആരോപിച്ചു.
ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടന്നെങ്കിൽ എന്തുകൊണ്ട് തന്നെ അറിയിച്ചില്ല. രാജ്‌ഭവൻ ആസ്വദിക്കാനല്ല താനിവിടെ ഇരിക്കുന്നതെന്നും ഗവർണർ മുന്നറിയിപ്പ് നൽകി. എഡിജിപി എം.ആർ അജിത് കുമാർ ഫോൺ ചോർത്തിയെന്ന പി.വി അൻവർ എംഎൽഎയുടെ ആരോപണത്തിലും താൻ സ്വന്തമായി ചോർത്തി എന്ന വെളിപ്പെടുത്തലിലും എന്തെല്ലാം നടപടിയെടുത്തെന്ന് സെപ്‌തംബർ 10ന് ഗവർണർ ചോദിച്ചിരുന്നു. എന്നാൽ കോട്ടയത്ത് നിന്നും ലഭിച്ച പരാതിയിൽ കേസെടുത്ത് അന്വേഷിക്കുകയാണെന്ന് മാത്രമായിരുന്നു ലഭിച്ച മറുപടി. മലപ്പുറം പരമാർശത്തിൽ മൂന്ന് വർഷത്തെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച് രാഷ്‌ട്രപതിയ്‌ക്ക് റിപ്പോർട്ട് നൽകാനാണ് വിവരങ്ങൾ ചോദിച്ചതെന്ന് ഗവർണർ പറഞ്ഞു. തനിക്ക് അധികാരമുണ്ടോ ഇല്ലയോ എന്ന് ഉടനെ അറിയാമെന്നും ഗവർണർ കത്തിൽ സൂചിപ്പിച്ചു.
അതേസമയം ഗവർണറുടെ കത്തിന് മറുപടിയായി തനിക്കൊന്നും മറയ്‌ക്കാനില്ലെന്നും വിവരങ്ങൾ ഗവർണറെ ബോദ്ധ്യപ്പെടുത്തുന്നതിൽ ബോധപൂർവമായ വീഴ്‌ച ഉണ്ടായിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഗവർണറുടേത് അടിസ്ഥാനരഹിതമായ ആക്ഷേപമാണെന്നും കത്തിൽ മുഖ്യമന്ത്രി തിരിച്ചടിച്ചു. സ്വർണക്കടത്ത് തടയാൻ വേണ്ട നടപടി സംസ്ഥാനം കൈക്കൊണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ ചെയ്യേണ്ടത് കേന്ദ്ര സർക്കാരാണെന്നും അതിനാൽ നടപടികൾ ഫലപ്രദമായി ഏറ്റെടുത്ത് ചെയ്യാൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും വാഗ്വാദത്തിന് ഇല്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്തി വിശദീകരണം നൽകാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഇതിന് തയ്യാറായില്ല. ഇതോടെയാണ് ഗവർണർ കത്തയച്ചതും മുഖ്യമന്ത്രി മറുപടി കത്ത് നൽകിയതും.
Source link