CINEMA

ഗാന്ധിഭവനിലെ വെറുമൊരു അന്തേവാസി മാത്രമായിരുന്നില്ല മാധവേട്ടൻ; അനുസ്മരിച്ച് സംവിധായകൻ കമൽ

ഗാന്ധിഭവനിലെ വെറുമൊരു അന്തേവാസി മാത്രമായിരുന്നില്ല മാധവേട്ടൻ; അനുസ്മരിച്ച് സംവിധായകൻ കമൽ | Remembering TP Madhavan

ഗാന്ധിഭവനിലെ വെറുമൊരു അന്തേവാസി മാത്രമായിരുന്നില്ല മാധവേട്ടൻ; അനുസ്മരിച്ച് സംവിധായകൻ കമൽ

മനോരമ ലേഖിക

Published: October 09 , 2024 03:18 PM IST

Updated: October 09, 2024 03:25 PM IST

2 minute Read

സ്വാഭാവിക അഭിനയത്തിലൂടെ മലയാളികളെ വിസ്മയിപ്പിച്ച കലാകാരനായിരുന്നു ടി.പി.മാധവനെന്ന് സംവിധായകൻ കമൽ‌. അയാൾ കഥയെഴുതുകയാണ് എന്ന സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നുവെന്ന് കമൽ പറഞ്ഞു. സാഗർ കോട്ടപ്പുറമായി കസറി നിൽക്കുന്ന മോഹൻലാലിന്റെ കൈ പിടിച്ച് ‘നന്ദി പ്രിൻസി… ഒരായിരം നന്ദി’ എന്നു പറയുന്ന ടി.പി മാധവനെ മലയാളികൾക്ക് ഒരിക്കലും മറക്കാനാകില്ല. പുതിയ കാലത്തെ മീമുകളിലും ടി.പി മാധവൻ ചെയ്ത ആ കഥാപാത്രം നിറഞ്ഞു നിൽക്കുന്നുണ്ടെന്ന് കമൽ പറഞ്ഞു. 
കമലിന്റെ വാക്കുകൾ: “എന്റെ ജ്യേഷ്ഠസഹോദരനും സുഹൃത്തുമൊക്കെയായിരുന്നു മാധവൻ ചേട്ടൻ. സിനിമകളിൽ പ്രവർത്തിക്കുന്ന മിക്കവാറും ആളുകൾക്ക് അങ്ങനെ തന്നെയായിരുന്നു അദ്ദേഹം. ഞാൻ അസോഷ്യേറ്റ് ആയി പ്രവർത്തിക്കുന്ന കാലത്താണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. മധു സാറിന്റെ ഉമാ സ്റ്റുഡിയോയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത പ്രിയ എന്ന സിനിമയിൽ മാധവൻ ചേട്ടൻ അഭിനയിച്ചിട്ടുണ്ട്. അന്ന് മധു സാറിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു മാധവൻ ചേട്ടൻ. മധു സർ നിർമിച്ച എല്ലാ സിനിമകളിലും മാധവൻ ചേട്ടന്റെ സാന്നിധ്യം ഉണ്ടായിരുന്നു. മധു സാറാണ് അദ്ദേഹത്തെ സിനിമയിലേക്ക് കൊണ്ടു വന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മധു സർ സംവിധാനം ചെയ്ത പ്രിയ എന്ന സിനിമയുടെ ഷൂട്ടിങ് കൊൽക്കത്തിൽ നടക്കുമ്പോൾ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് മാധവൻ ചേട്ടനായിരുന്നു. പിന്നീട് മലയാള ചലച്ചിത്രമേഖലയിൽ അദ്ദേഹം സജീവമായി. അദ്ദേഹം വെറുമൊരു നടൻ മാത്രമായിരുന്നില്ല. പരന്ന വായനയും സാഹിത്യത്തെക്കുറിച്ചും സംഗീതത്തെക്കുറിച്ചും നല്ല അറിവുള്ള വ്യക്തിയായിരുന്നു. വളരെയധികം സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം.” 

“എന്റെ ഒരുപാടു സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അയാൾ കഥ എഴുതുകയാണ് എന്ന സിനിമയിലെ പൊലീസുകാരന്റെ വേഷം വളരെയധികം ശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൊന്നാണ്. ഇപ്പോഴും പല മീമുകളിൽ കാണുന്ന കഥാപാത്രമാണ് അത്. പിൽക്കാലത്ത്, കുടുംബപരമായ ചില പ്രശ്നങ്ങളിൽപ്പെട്ട് ഗാന്ധിഭവനിൽ വരുന്നതിനു മുൻപ് അദ്ദേഹം എറണാകുളത്ത് ലോട്ടസ് ക്ലബിൽ ഉണ്ടായിരുന്നു. അവിടെ വച്ച് ഞങ്ങൾ സ്ഥിരമായി കാണാറുണ്ടായിരുന്നു. ആ കാലഘട്ടത്തിലാണ് ഞങ്ങൾ പല കാര്യങ്ങളെക്കുറിച്ചും കൂടുതൽ സംസാരിച്ചിട്ടുള്ളത്. പിന്നീട് അദ്ദേഹം ഗാന്ധിഭവനിലെ അന്തേവാസിയായി. അദ്ദേഹം അവിടത്തെ വെറുമൊരു അന്തേവാസി മാത്രമായിരുന്നില്ല, അവിടത്തെ മനുഷ്യരുടെ ഏറ്റവും പ്രിയപ്പെട്ട ആളായിരുന്നു. അമ്മ എന്ന സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം. സംഘടനയ്ക്ക് ഒരു നിയമാവലി ഉണ്ടാക്കാ‌നും ചട്ടക്കൂട് ഉണ്ടാക്കാനും വളരെയധികം പരിശ്രമിച്ച വ്യക്തിയായിരുന്നു. മധു സർ ആയിരുന്നല്ലോ ആദ്യ പ്രസിഡന്റ്. അങ്ങനെ നല്ല പ്രവർത്തനങ്ങൾ കാഴ്ച വച്ച മികച്ച സംഘാടകൻ കൂടിയായിരുന്നു അദ്ദേഹം. മലയാള സിനിമയിലെ സൗമ്യസാന്നിധ്യമായിരുന്നു മാധവൻ ചേട്ടൻ.” 

“ഞാൻ അഭിനയിക്കുകയാണ് എന്ന ഭാവത്തോടെയല്ല അദ്ദേഹം ക്യാമറയ്ക്ക് മുൻപിൽ വന്നു നിൽക്കുന്നത്. അതുകൊണ്ടാവണം അത്രയും സ്വാഭാവികമായ പ്രകടനങ്ങൾ അദ്ദേഹത്തിൽ നിന്നുണ്ടായത്. കുറച്ചു കൂടി നല്ല കഥാപാത്രങ്ങൾ ചെയ്യേണ്ട നടനായിരുന്നു അദ്ദേഹമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഏതു വേഷമാണെങ്കിലും ഏതു സംവിധായകൻ വിളിച്ചാലും അദ്ദേഹം പോയി അഭിനയിക്കുമായിരുന്നു. അഭിനയം അദ്ദേഹത്തിന് ഏറെ ആഹ്ലാദം നൽകിയ കാര്യമായിരുന്നുവെന്നാണ് ഞാൻ മനസിലാക്കുന്നത്. സിനിമാ സെറ്റിൽ ചെല്ലുക, എല്ലാവരുമായി സൗഹൃദം കൈമാറുക എന്നതൊക്കെ അദ്ദേഹത്തിന് വലിയ സന്തോഷമായിരുന്നു.” 

English Summary:
Director Kamal remembers actor TP Madhavan

7rmhshc601rd4u1rlqhkve1umi-list mo-celebrity-celebritydeath mo-entertainment-common-tamilmovienews 6albv3nol58cdi7o5h327fp1n3 f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-tpmadhavan


Source link

Related Articles

Back to top button