ഹരിയാനയിൽ വീണ്ടും ബിജെപി; താളംതെറ്റിയ കോൺഗ്രസ് കിതയ്ക്കുന്നു, ജമ്മുവിൽ നാഷണൽ സഖ്യത്തിന് മുന്നേറ്റം

ന്യൂഡൽഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയ ആദ്യത്തെ മണിക്കൂറിൽ വ്യക്തമായ ലീഡ് നേടിയ കോൺഗ്രസ് നാല് മണിക്കൂർ പിന്നിടുമ്പോൾ കിതയ്ക്കുന്ന അവസ്ഥയിലേക്ക്. സംസ്ഥാനത്ത് പുതിയ സർക്കാരുണ്ടാക്കാനുള്ള ഒരുക്കങ്ങൾക്കും കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷങ്ങൾക്കും തുടക്കം കുറിക്കുകയും ചെയ്തിന് പിന്നാലെയാണ് ലീഡ് നില താഴേക്ക് പോയത്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പുറത്തുവരുമ്പോൾ ബിജെപി കേവലഭൂരിപക്ഷവും കടന്ന് 48 സീറ്റിലും കോൺഗ്രസ് 36 സീറ്റിലുമുള്ള അവസ്ഥയിലാണ്. സംസ്ഥാനത്ത് നിർണായകമാകുമെന്ന് കരുതിയ ജെജെപി ഇപ്പോഴും പൂജ്യത്തിൽ തുടരുകയാണ്. മറ്റുള്ളവർ 6 സീറ്റിലും ലീഡ് ചെയ്യുന്നു.

പത്ത് വർഷത്തെ ബിജെപി സർക്കാരിനെ താഴെയിറക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ചൂണ്ടിക്കാണിച്ചെങ്കിലും, അതൊക്കെ താളംതെറ്റിക്കുന്ന ജനവിധിയാണ് ഇപ്പോൾ ഹരിയാനയിൽ നിന്ന് പുറത്തുവരുന്നത്. സീറ്റ് നില താഴ്ന്നതോടെ എഐസിസി ആസ്ഥാനത്തുള്ള നേതാക്കളും അമ്പരന്നു. സംസ്ഥാനത്തുണ്ടായിരുന്ന ഭരണവിരുദ്ധ വികാരം കൃത്യമായി മുതലെടുക്കാൻ കോൺഗ്രസിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന ഫലങ്ങൾ. ഹരിയാനയിലെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ജനറൽ സെക്രട്ടറിമാരുടെ യോഗം ജെപി നദ്ദ വിളിച്ചു ചേർത്തിട്ടുണ്ട്.

അതേസമയം, ജമ്മു കാശ്മീരിൽ നാഷണൽ സഖ്യത്തിന്റെ കൈപിടിച്ച് ഇന്ത്യ സഖ്യം മുന്നേറ്റം തുടരുകയാണ്. 49 സീറ്റിൽ നാഷണൽ സഖ്യം ലീഡ് ചെയ്യുമ്പോൾ ബിജെപി 27ൽ തുടരുകയാണ്. പിഡിപി 5 സീറ്റിലും മറ്റുള്ളവർ 9 സീറ്റിലും ലീഡ് ചെയ്യുകയാണ്. കോൺഗ്രസ് ഇവിടെ ഏഴ് സീറ്റിലാണ് മുന്നിലുള്ളത്. നാഷണൽ സഖ്യത്തിൽ ഒമർ അബ്ദുള്ളയും പിഡിപിയുടെ മെഹബൂബ മുഫ്തിയും മത്സരിച്ച രണ്ടിടങ്ങളിലും മുന്നിലാണ്.


Source link
Exit mobile version