ഫലം പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസം, സമ്മർദ്ദ തന്ത്രമെന്ന് കോൺഗ്രസ്; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി
ന്യൂഡൽഹി: ഹരിയാന തിരഞ്ഞെടുപ്പിന്റെ ലീഡുകളും ഫലങ്ങളും പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം സംബന്ധിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഔദ്യോഗികമായി പരാതി നൽകി. രാവിലെ 9 നും 11 നും ഇടയിൽ ഫലം പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസമുണ്ടായി എന്നാണ് കോൺഗ്രസ് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. 11 റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞിട്ടും 4,5 റൗണ്ട് വരെയുള്ള ഫലങ്ങളാണ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതെന്ന് ജയറാം രമേശ് വ്യക്തമാക്കി. ലോക്സഭ തിരഞ്ഞെടുപ്പിലും ഇങ്ങനെ സംഭവിച്ചെന്നും സമ്മർദ്ദ തന്ത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സത്യവും കൃത്യവുമായ കണക്കുകൾ ഉപയോഗിച്ച് വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ ഉദ്യോഗസ്ഥർക്ക് ഉടൻ നിർദ്ദേശങ്ങൾ നൽകണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു, അതുവഴി തെറ്റായ വാർത്തകളും വിവരണങ്ങളും നേരിടാൻ കഴിയും’- തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയിൽ പറയുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തിൽ തപാൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഹരിയാനയിൽ കോൺഗ്രസ് ലീഡ് നേടിയിരുന്നു. മണിക്കൂറുകൾ പിന്നിട്ടപ്പോൾ ബിജെപിക്ക് ആവേശകരമായ തിരിച്ചുവരവ് നടത്താനായി.
കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷങ്ങൾക്കും തുടക്കം കുറിച്ചതിന് പിന്നാലെയാണ് ലീഡ് നില താഴേക്ക് പോയത്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പുറത്തുവരമ്പോൾ ബിജെപി കേവലഭൂരിപക്ഷവും കടന്ന് 51 സീറ്റിലും കോൺഗ്രസ് 34 സീറ്റിലുമുള്ള അവസ്ഥയിലാണ്. സംസ്ഥാനത്ത് നിർണായകമാകുമെന്ന് കരുതിയ ജെജെപി ഇപ്പോഴും പൂജ്യത്തിൽ തുടരുകയാണ്. മറ്റുള്ളവർ 5 സീറ്റിലും ലീഡ് ചെയ്യുന്നു.
പത്ത് വർഷത്തെ ബിജെപി സർക്കാരിനെ താഴെയിറക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ചൂണ്ടിക്കാണിച്ചെങ്കിലും, അതൊക്കെ താളംതെറ്റിക്കുന്ന ജനവിധിയാണ് ഇപ്പോൾ ഹരിയാനയിൽ നിന്ന് പുറത്തുവരുന്നത്. സീറ്റ് നില താഴ്ന്നതോടെ എഐസിസി ആസ്ഥാനത്തുള്ള നേതാക്കളും അമ്പരന്നു. സംസ്ഥാനത്തുണ്ടായിരുന്ന ഭരണവിരുദ്ധ വികാരം കൃത്യമായി മുതലെടുക്കാൻ കോൺഗ്രസിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന ഫലങ്ങൾ.
Source link