ഛത്തീസ്‌ഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ജുലാന മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിനേഷ് ഫോഗട്ട് ജയിച്ചു. 6015 വോട്ടുകൾക്കാണ് ജയം. തുടക്കത്തിൽ മുന്നേറിയ വിനേഷ് പിന്നീട് ബിജെപിയുടെ യോഗേഷ് കുമാറിന് പിന്നിലായി. എന്നാൽ, അവസാന റൗണ്ടുകളിൽ ലീഡ് നേടിയ വിനേഷ് ഒടുവിൽ വിജയം കൈവരിക്കുകയായിരുന്നു. ബിജെപി സ്ഥാനാർത്ഥിയായ യോഗേഷ് കുമാറാണ് രണ്ടാം സ്ഥാനത്ത്. ആം ആദ്‌മിയുടെ കവിത റാണി അഞ്ചാം സ്ഥാനത്താണ്.
ഗുസ്‌തി താരമായ വിനേഷ് ഫോഗട്ട് പാരീസ് ഒളിമ്പിക്‌സ് ഫൈനലിൽ എത്തിയിരുന്നു. ഫൈനലിൽ നൂറ് ഗ്രാം ഭാരക്കൂടുതലിനെ തുടർന്ന് അയോഗ്യയാക്കപ്പെട്ട വിനേഷ് പിന്നീട് ഗുസ്‌തിയിൽ നിന്ന് വിരമിച്ച് കോൺഗ്രസിൽ ചേർന്നു. വിനേഷിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമായിരുന്നു ജുലാന. കർഷക രോഷവും ഗുസ്‌തിയിലെ സംഭവവുമാണ് മണ്ഡലത്തിൽ ബിജെപിക്ക് തിരിച്ചടിയായത്.
2004ന് ശേഷം മണ്ഡലത്തിൽ കോൺഗ്രസിന് ജയിക്കാൻ കഴിഞ്ഞിട്ടില്ലെന്നതായിരുന്നു ജുലാനയിൽ സ്ഥാനാർത്ഥിയായി എത്തുമ്പോൾ വിനേഷ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി വെറും 9.84% വോട്ടു മാത്രം നേടിയ സ്ഥാനത്താണ് ഇത്തവണ വിനേഷിലൂടെ പാർട്ടിക്ക് വൻ മുന്നേറ്റം നടത്താനായത്. സ്ഥാനാർത്ഥിക്കുപ്പായം തയ്പ്പിച്ചിരുന്നവരുടെ അതൃപ്തി പാരയാകുമോ എന്ന ആശങ്ക നിലനിന്നിരുന്നുവെങ്കിലും ഫലം വന്നപ്പോൾ വിനേഷിന് ആശ്വാസമായി. കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളായി ഐഎൻഎൽഡിയുടെയും പിന്നീട് ജെജെപിയുടെയും തട്ടകമായി മാറിയ മണ്ഡലമാണ് ജുലാന. അതിനെ മാറ്റിമറിക്കാൻ വിനേഷിന് സാധിച്ചു.
Source link