KERALAM

 മേൽവിലാസം കിറുകൃത്യമാക്കാൻ — വരുന്നു 10 അക്ക ഡിജി പിൻ

പി.എസ്. സോമനാഥൻ | Wednesday 09 October, 2024 | 2:31 AM

‘ഡിജിപിൻ’

 ഇന്ന് ലോക തപാൽദിനം

കൊച്ചി: മേൽവിലാസത്തിൽ തപാൽ എത്തിക്കാനുള്ള നിലവിലെ പിൻകോഡിന് പകരം ‘ഡിജി പിൻ” വരുന്നു. മുഴുവൻ പേര് ഡിജിറ്റൽ പോസ്റ്റൽ ഇൻഡക്‌സ് നമ്പർ. പ്രദേശത്തെ ചെറിയ മേഖലകളായി തിരിച്ച് വിലാസത്തിന്റെ കൃത്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.

പോസ്റ്റ്മാന് പി.എം.എ ആപ്പ് വഴിയാണിത് സാദ്ധ്യമാവുക. ഹൈദരാബാദ് ഐ.ഐ.ടിയുടെ സഹകരണത്തോടെ ഈവർഷം തന്നെ നടപ്പാക്കും.

ഇപ്പോഴുള്ള ആറക്ക പിൻകോഡിനു പകരം പ്രദേശങ്ങളെ നാലു ചതുരശ്രമീറ്റർ വിസ്തൃതിയിൽ വിഭജിച്ച് 10 ഡിജിറ്റുള്ള ആൽഫാ ന്യൂമറിക് കോഡിന് കീഴിലാക്കും. ഇതുവരെ മേൽവിലാസം രേഖപ്പെടുത്തിയിട്ടില്ലാത്ത ഭൂപ്രദേശങ്ങളും മനസ്സിലാക്കാനാവുമെന്ന് തപാൽ വകുപ്പ് പറയുന്നു.

ഇ-കൊമേഴ്‌സ് വിതരണവും ഡിജി പിന്നിലൂടെ കാര്യക്ഷമമാകും. അടിയന്തര സാഹചര്യങ്ങളിൽ അതിവേഗം സഹായമെത്തിക്കാനും പ്രയോജനപ്പെടും. ഓഫ് ലൈനിലും പ്രവർത്തിക്കും.

അക്കങ്ങളും ഇംഗ്ളീഷ്

അക്ഷരങ്ങളും

ഭൗമസൂചികയുടെ സഹായത്തോടെ ലാറ്റിറ്റ്യൂഡ്, ലോംജിറ്റ്യൂഡ് അടിസ്ഥാനമാക്കി 2, 3, 4, 5, 6, 7, 8, 9, G, J, K, L, M, P, W, X എന്നീ അക്കങ്ങളും അക്ഷരങ്ങളും ഉപയോഗിച്ചാണ് ഡിജി പിൻ തയ്യാറാക്കുന്നത്. രാജ്യത്തെ 16 മേഖലകളാക്കി ഓരോന്നിനും ഒരു കോഡ് നിശ്ചയിക്കും. ഈ മേഖലകളെ 16 ഉപമേഖലകളായും തിരിക്കും. ഡിജി പിൻ കോഡിലെ ആദ്യത്തെ രണ്ട് ഡിജിറ്റുകൾ ഈ മേഖലകളെ പ്രതിനിധാനം ചെയ്യും. ഇതിനു താഴേക്കുള്ള വിഭജനത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് എട്ട് ഡിജിറ്റുകൾ വരിക.

വരുന്ന മാറ്റം

ഡിജി പിൻ വരുമ്പോഴുള്ള മാറ്റത്തിന് ഒരു ഉദാഹരണം ഇങ്ങനെ: കൊച്ചിയിലെ കേരളകൗമുദി ഓഫീസിന്റെ പിൻ കേരളകൗമുദി – 9G7-LJ6-LWX3 എന്ന് ആയേക്കും. ഇപ്പോഴത്തെ പിൻകോഡ് 682011 നഗരത്തിലെ വിശാല പ്രദേശം ഉൾപ്പെട്ടതാണ്. എന്നാൽ 9G7-LJ6-LWX3 നാലു ചതുരശ്രമീറ്റർ പ്രദേശത്തെ മാത്രം പ്രതിനിധാനം ചെയ്യും.

ഡിജി പിൻ അറിയാൻ

digipin.cept.gov.in സന്ദർശിക്കുക


Source link

Related Articles

Back to top button