ഡയസിൽ കൈയാങ്കളി: 4 പ്രതിപക്ഷ എം.എൽ.എമാർക്ക് താക്കീത്

തിരുവനന്തപുരം: നിയമസഭയിൽ സ്‌പീക്കറുടെ ഡയസിലേക്ക് കടന്നുകയറി വാച്ച് ആൻ‌ഡ് വാർഡുമായി ഏറ്റുമുട്ടിയ പ്രതിപക്ഷാംഗങ്ങൾക്ക് സഭയുടെ താക്കീത്. മാത്യു കുഴൽനാടൻ, ഐ.സി ബാലകൃഷ്ണൻ, അൻവർ സാദത്ത്, സജീവ് ജോസഫ് എന്നിവരെയാണ് താക്കീത് ചെയ്തത്.

ഡയസിലേക്ക് ബലപ്രയോഗത്തിലൂടെ കടന്നുകയറി സഭാദ്ധ്യക്ഷന് നേർക്ക് പാഞ്ഞടുത്തത് സഭയുടെയും സഭാധ്യക്ഷന്റെയും പ്രത്യേക അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് കണ്ടെത്തിയാണ് നടപടി. ഇവരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ അവകാശ ലംഘനം, പെരുമറ്റ ചട്ടലംഘനം, സഭയുടെ അന്തസിന് നിരക്കാത്ത പെരുമാറ്റം എന്നിവയുണ്ടായതായി താക്കീതിന് പ്രമേയം അവതരിപ്പിച്ച മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

നിയമസഭയുടെ അന്തസ് പാലിക്കേണ്ടത് പ്രധാനമാണെന്നും തിങ്കളാഴ്ച നടന്നത് എല്ലാ സീമകളും ലംഘിക്കുന്ന

നടപടിയാ ണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറിയവരെ തള്ളിപ്പറയാൻ പ്രതിപക്ഷ നേതാവിന് കഴിയാത്തത് ദൗർഭാഗ്യകരമാണ്. അടിയന്തര പ്രമേയം ചർച്ച ചെയ്യാമെന്ന് സമ്മതിച്ചിട്ടും അസാധാരണമായ സംഘർഷാവസ്ഥയുണ്ടായതിന് ന്യായമില്ല. ചർച്ച ഒഴിവാക്കകയെന്ന ഗൂഢോദ്ദേശ്യത്തിന്റെ ഭാഗമായിരുന്നു ബഹളം. ബഹളത്തിൽ സഭ അലങ്കോലപ്പെട്ടതിനിടെ, അടിയന്തരപ്രമേയ നോട്ടീസ് നൽകിയ അംഗത്തെ പ്രസംഗിക്കാൻ വിളിക്കാതിരുന്ന സ്പീക്കറുടെ നടപടി സഭാചട്ടത്തിന് അനുസരിച്ചുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സഭയിൽ പ്ലക്കാർഡും ബാനറും പിടിക്കുന്നത് ആദ്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ സഭാനടപടികൾ നിറുത്തിവയ്ക്കുകയും സഭാനേതാക്കളെ വിളിച്ച് ചർച്ച നടത്തുകയുമാണ് പതിവ്. പകരം ഏകപക്ഷീയമായ നടപടികളാണുണ്ടായത്. അടിയന്തര പ്രമേയ നോട്ടീസ് നൽകിയ അംഗത്തെ വിളിക്കാതെ സഭാനടപടി നിറുത്തിവച്ചു.

തിങ്കളാഴ്ച നിയമസഭയില്‍ അടിയന്തര പ്രമേയം ചർച്ചയ്‌ക്കെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതിന് പിന്നാലെ നടന്ന ബഹളമാണ് നാല് അംഗങ്ങളുടെ താക്കീതിലേക്ക് എത്തിയത്. ചോദ്യോത്തര വേളയ്ക്കിടെ സഭയിൽ നിന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളുടെ പേരിലാണ് പ്രതിപക്ഷ ബഹളമുണ്ടായത്. ഇതിനിടെ മാത്യു കുഴൽനാടന്റെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറുകയായിരുന്നു.


Source link
Exit mobile version