ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് ശാരദ മുരളീധരൻ

തിരുവനന്തപുരം: ഉരുൾപൊട്ടലും മണ്ണിടിച്ചിലും സംബന്ധിച്ച കൃത്യമായ പ്രവചനത്തിനുള്ള സാങ്കേതിക സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ഇതുവഴി ആകസ്മിക ദുരന്തങ്ങളാണെങ്കിലും പ്രത്യാഘാതം കുറയ്ക്കാനാകും. മഴ മുന്നറിയിപ്പ് സംവിധാനങ്ങൾ കൃത്യമായ വിവരം നൽകുന്നതിന് പര്യാപ്തമല്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. സംസ്ഥാന ശാസ്തസാങ്കേതിക വകുപ്പ് സംഘടിപ്പിച്ച കോൺക്ലേവിന്റെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു.
ചെറിയ സമയത്തിനുള്ളിൽ പെയ്ത അതിതീവ്ര മഴയാണ് വയനാട്ടിൽ മുണ്ടക്കൈയിലും ചൂരൽമലയിലും വിനാശകരമായ മണ്ണിടിച്ചിലിന് കാരണമായത്. ആകസ്മിക ദുരന്തങ്ങളെ നേരിടാനും ജീവഹാനി ഒഴിവാക്കാനുമുള്ള ശാസ്ത്രീയ നടപടികളും മാസ്റ്റർ പ്ലാനും ഉണ്ടാകണം. പരിസ്ഥിതി, ജല സംരക്ഷണ നടപടികൾക്ക് വേണ്ടത്ര ശാസ്ത്രീയതയില്ലാത്തതിനാൽ വിരുദ്ധ ഫലമാണുണ്ടാക്കുന്നത്. മഴവെള്ളം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ മഴക്കുഴികൾ ഉണ്ടാക്കിയെങ്കിലും അവ മണ്ണിടിച്ചിലിന് കാരണമാകുന്നെന്നാണ് കണ്ടെത്തൽ. ഇതുപോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും ശാരദ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ഡോ.ശേഖർ ലൂക്കോസ് കുര്യാക്കോസ്, ശാസ്ത്രസാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ.കെ.പി.സുധീർ, മെമ്പർ സെക്രട്ടറി ഡോ.എ.സാബു എന്നിവർ പ്രസംഗിച്ചു.
റോൾ ഒഫ് സയൻസ് ആൻഡ് ടെക്നോളജി ഇൻ ലാൻഡ്സ്ലൈഡ് മാനേജ്മെന്റ് ഇൻ കേരള എന്ന പേരിൽ സംഘടിപ്പിച്ച കോൺക്ലേവ് സംസ്ഥാന ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ.വി.കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ.സി.ഇ.എസ്.എസ് ഡയറക്ടർ പ്രൊഫ. എൻ.വി.ചലപതി റാവു, ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി, പ്രൊഫ. ദീപാങ്കർ ചൗധരി (ഐ.ഐ.ടി മുംബയ്), ഡോ.എസ്.എസ്.ശ്രീകൃഷ്ണൻ (ഐ.ഐ.ടി റൂർക്കി), നീത കെ.ഗോപാൽ (ഐ.എം.ഡി ഡയറക്ടർ) തുടങ്ങിയവർ പങ്കെടുത്തു.
Source link