തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ പ്രത്യേക സഹായം അനുവദിക്കാത്ത കേന്ദ്രസർക്കാരിനെ വിമർശിക്കാതെ നിയമസഭയിൽ സർക്കാരിന്റെ പ്രസ്താവന. മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി കെ.രാജനാണ് പ്രസ്താവന നടത്തിയത്.
വിവിധ മേഖലകളിലായി 1,200 കോടിയോളം രൂപയുടെ നാശനഷ്ടം കണക്കിലെടുത്ത് കേന്ദ്രസഹായത്തിനായി മെമ്മോറാണ്ടം നൽകിയിരുന്നു. പ്രത്യേക ധനസഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാൻ കഴിഞ്ഞ മൂന്നിനു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റും കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോണ്‍ എസ്റ്റേറ്റും ഏറ്റെടുത്ത് 1000 വീടുകളുള്ള രണ്ട് ടൗൺഷിപ്പുകൾ പണിയും. ഭാവിയിൽ രണ്ടാമത്തെ നില കൂടി പണിയുന്നതിന് സൗകര്യമുള്ള രീതിയിൽ 1000 ചതുരശ്ര അടിയുള്ള ഒറ്റ നില വീടുകളാണ് നിർമ്മിക്കുക. ജീവനോപാധികളും ഉറപ്പാക്കും. വനിതകൾക്ക് അനുയോജ്യമായ തൊഴിൽ പരിശീലനം നൽകും. കർഷകർക്ക് കൃഷിക്ക് സൗകര്യമൊരുക്കും. വീടും സ്ഥലവും നഷ്ടപ്പെട്ടവരെ ആദ്യ ഘട്ടത്തിലും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിലെ കുടുംബങ്ങളെ രണ്ടാം ഘട്ടത്തിലും പുനരധിവസിപ്പിക്കും. പുനരധിവാസ പദ്ധതികളുടെ കൺസൾട്ടന്റ് കിഫ്ബിയായിരിക്കും. വിദഗ്ദ്ധരുടെ സേവനവും ഉപയോഗിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ ഉന്നതാധികാര സമിതിക്കാണ് മേൽനോട്ടം.
വിലങ്ങാട്ടും
പുനരധിവാസം
കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്കും പുനരധിവാസം ഉറപ്പാക്കും. അവിടെ 25വീടുകൾ പൂർണമായും 9വീടുകൾ ഭാഗികമായും തകർന്നു. 9കെട്ടിടങ്ങളും തകർന്നു.
1.24ഹെക്ടർ പുരയിടം ഒലിച്ചുപോയി. 250ഏക്കർ കൃഷിനാശമുണ്ടായി. 58.81കോടിയുടെ വ്യക്തിഗത നഷ്ടവും 158കോടിയുടെ പൊതുമുതൽ നാശവുമുണ്ടായി.
Source link