തിരുവനന്തപുരം: മലപ്പുറം ജില്ലാ രൂപീകരണത്തെ വിമർശിക്കാൻ, എന്തിനാണ് കുട്ടിപ്പാകിസ്ഥാനെന്ന് കോൺ്രഗസുകാർ ചോദിച്ചില്ലേയെന്ന കെ.ടി ജലിലിന്റെ പരാമർശം നിയമസഭയിൽ ബഹളത്തിനിടയാക്കി. പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിലെത്തി. പ്രതിപക്ഷനേതാവ് ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
രാജ്യത്തെ വിഭജിക്കുന്നതിനോട് വിമുഖത കാട്ടിയവരാണ് കോൺഗ്രസ് നേതാക്കളെന്നും ജലീൽ നടത്തിയത് ഗാന്ധിനിന്ദയാണെന്നും സഭയിൽ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞതെന്നും പ്രതിപക്ഷനേതാവ് ക്രമപ്രശ്നമുയർത്തി. ഇതോടെ വാക്കുകൾ പരിശോധിക്കാമെന്ന് സ്പീക്കർ റൂളിംഗ് നൽകി. ശേഷവും പരാമർശം ആവർത്തിച്ചതോടെ പ്രതിപക്ഷം വീണ്ടും പ്രതിഷേധിച്ചു. സ്പീക്കറോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
പ്രസംഗം തുടർന്ന ജലീൽ മലപ്പുറം ജില്ല രൂപീകരിച്ചാൽ താനൂർ കടൽപ്പുറത്ത് പാകിസ്ഥാന്റെ പടക്കപ്പൽ വരുമെന്ന അന്നത്തെ ആരോപണത്തെ സി.എച്ച് മുഹമ്മദ് കോയ പ്രതിരോധിച്ചതിനെ പറ്റി പറഞ്ഞു. അങ്ങനെ കപ്പൽ വന്നാൽ അറബിക്കടലിലൂടെയാവും. അതിനെ തുരത്താൻ കഴിയാത്ത ഇന്ത്യൻ നാവികസേനയെ പിരിച്ചു വിടാൻ നെഹ്റുവിനോട് പറയും. എന്നാലും ഞങ്ങൾക്ക് ജില്ല വേണമെന്ന് സി.എച്ച് പ്രസംഗിച്ചുവെന്നാണ് ജലീൽ പറഞ്ഞത്. ഇതിനെ പി.കെ ബഷീർ എതിർത്തു. സി.എച്ചിന്റെ പ്രസംഗങ്ങളുള്ള ബുക്കിൽ ഇതുണ്ടെന്നും പി.കെ ബഷീർ വായിച്ച് കാണില്ലെന്നായി ജലീൽ. ക്ഷുഭിതനായ ബഷീർ ചാടിയെഴുന്നേറ്റ് ജലീലിനെതിരെ തിരിഞ്ഞു. ബഷീർ വായിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പറയാൻ ഇയാൾ ആരാണെന്ന് ചോദിച്ചു. വ്യക്തിപരമായ പരാമർശങ്ങളായപ്പോൾ സ്പീക്കർ മൈക്ക് ഓഫാക്കി. ലീഗ് നേതാക്കളും ഇടപെട്ടു. എന്നിട്ടും ബഷീർ തണുത്തില്ല. കുഞ്ഞാലിക്കുട്ടി എഴുന്നേറ്റ് മിണ്ടാതിരിക്കാൻ നിർദ്ദേശിച്ചതോടെയാണ് ബഷീർ അടങ്ങിയത്. ജലീലിന്റെ പ്രസംഗത്തിനിടെ പ്രതിപക്ഷം പലവട്ടം കൊമ്പുകോർത്തു. സമയം തീരാറായെന്ന് സ്പീക്കറുടെ മുന്നറിയിപ്പ്. ഇവർ ബഹളുണ്ടാക്കുമ്പോൾ സംസാരിക്കാനാവില്ലെന്ന് ജലീലും. സഹികെട്ട സ്പീക്കർ, വെറുതെ എഴുന്നേറ്റ് നിന്നോളൂ എന്ന് പറഞ്ഞു. സമയം തീർന്നതിനാൽ അടുത്തയാളെ വിളിച്ചു.
Source link