KERALAM

യു.ഡി.വൈ.എഫ് സഭാ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ (യു.ഡി.വൈ.എഫ്) നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. ജലപീരങ്കി, കണ്ണീർ വാതക പ്രയോഗത്തിൽ വനിതാ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ ഒരുമണിയോടെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ച് നിയമസഭയ്ക്ക് സമീപം പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. തുടർന്ന് യു.ഡി.വൈ.എഫ് സംസ്ഥാന ചെയർമാൻ രാഹുൽ മാങ്കൂട്ടത്തിൽ മാർച്ച് ഉദ്ഘാടനം ചെയ്തു.
തുടർന്ന് പൊലീസ് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രകടനക്കാർ പൊലീസിന് നേരെ കമ്പുകളും കല്ലുകളും വലിച്ചെറിഞ്ഞു . തുടർന്ന് നിരവധിതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞുപോകാത്ത പ്രവർത്തകർ പ്രതിഷേധവുമായി നിലയുറപ്പിച്ചു. തുടർന്ന് മറ്റൊരു ജലപീരങ്കി കൂടി എത്തിച്ച് വെള്ളം ചീറ്റിയതോടെ പ്രവർത്തകർ വാഹനത്തിന്റെ ചില്ല് എറിഞ്ഞു തകർത്തു. പതിനഞ്ചോളം തവണയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. മൂന്നു തവണ കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചു. ഷെൽ ഒരു ടെക്സ്റ്റൈൽസിന് സമീപത്താണ് പതിച്ചത്.
ഇതിനിടെ ബാരിക്കേഡ് കടന്ന് നിയമസഭയിലേക്ക് ഓടിയ രാഹുൽ മാങ്കൂട്ടത്തിൽ, യു.ഡി.വൈ.എഫ് കൺവീനർ പി.കെ ഫിറോസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രതിഷേധിച്ച് പ്രവർത്തകർ എം.സി റോഡ് ഉപരോധിച്ച് മുദ്രാവാക്യം മുഴക്കി. ഇതോടെ ഗതാഗത തടസമുണ്ടായി. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ബി.വി വിജയ് ഭാരത് റെഡ്ഢിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം രാവിലെ മുതൽ ഉണ്ടായിരുന്നു.


Source link

Related Articles

Back to top button