നസറുള്ളയുടെ പിൻഗാമി കൊല്ലപ്പെട്ടിരിക്കാം: ഇസ്രയേൽ
ടെൽ അവീവ്: ഹസൻ നസറുള്ള വധിക്കപ്പെട്ടതിനു പിന്നാലെ ഹിസ്ബുള്ള ഭീകരസംഘടനയുടെ തലവനാകുമെന്നു കരുതപ്പെടുന്ന ഹാഷെം സഫിയുദ്ദീനും കൊല്ലപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രേലി പ്രതിരോധ മന്ത്രി യൊവാവ് ഗാലന്റ്. കഴിഞ്ഞ വ്യാഴാഴ്ച ഇസ്രേലി സേന സഫിയുദ്ദീനെ ലക്ഷ്യമിട്ട് ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു ശേഷം സഫിയുദ്ദീനെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നാണു റിപ്പോർട്ട്. മൂന്നു പതിറ്റാണ്ട് ഹിസ്ബുള്ളയെ നയിച്ച ഹസൻ നസറുള്ള കഴിഞ്ഞ മാസം 27നാണ് ബെയ്റൂട്ടിലെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. നസറുള്ളയുടെ ബന്ധുവാണു ഷിയാ പുരോഹിതനായ ഹാഷിം സഫിയുദ്ദീൻ. നേതൃത്വമില്ലാത്ത സംഘടനയായി ഹിസ്ബുള്ള മാറിയെന്ന് ഇസ്രേലി സേനയുടെ വടക്കൻ കമാൻഡിനെ സന്ദർശിച്ച യൊവാവ് ഗാലന്റ് പറഞ്ഞു. നസറുള്ളയെ ഉന്മൂലനം ചെയ്തു. അയാളുടെ പിൻഗാമിയും കൊല്ലപ്പെട്ടിരിക്കാനാണു സാധ്യത. ഹിസ്ബുള്ളയുടെ ആയുധശേഷിയും കുറഞ്ഞതായി ഗാലന്റ് കൂട്ടിച്ചേർത്തു.
ഇതിനിടെ, ഹിസ്ബുള്ളയുടെ ജിഹാദ് കൗൺസിലംഗവും മുതിർന്ന കമാൻഡറുമായ സുഹെയ്ൽ ഹുസൈൻ ഹുസെയ്നിയെ വധിച്ചതായി ഇസ്രേലിസേന അറിയിച്ചു. ഇറാനിൽനിന്ന് ആയുധമെത്തിക്കുന്നതിൽ ഇയാൾ പ്രധാന പങ്കുവഹിച്ചിരുന്നതായി സേന കൂട്ടിച്ചേർത്തു. ബെയ്റൂട്ടിലെ വ്യോമാക്രമണങ്ങൾക്കൊപ്പം വടക്കൻ ഇസ്രേലി സേന കരയാക്രമണം വർധിപ്പിച്ചു. ഒരു ഡിവിഷൻ സേനകൂടി മേഖലയിലെത്തി. കരയാക്രമണം തെക്കുപടിഞ്ഞാറൻ ലബനനിലേക്കും വ്യാപിപ്പിച്ചതായി ഇസ്രയേൽ അറിയിച്ചു. ഹിസ്ബുള്ളകൾ ഇന്നലെ വടക്കൻ ഇസ്രേലി നഗരമായ ഹെയ്ഫയിലേക്കു നൂറോളം റോക്കറ്റുകൾ തൊടുത്തു. ഇസ്രേലി ആക്രമണത്തെത്തുടർന്ന് ലബനനിൽ അഭയാർഥികളായ ജനങ്ങളുടെ എണ്ണം 12 ലക്ഷമായി. നാലു ലക്ഷം പേർ അയൽരാജ്യമായ സിറിയയിലേക്കു പലായനം ചെയ്തു. ഇസ്രയേലുമായി വെടിനിർത്തൽ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളെ ഹിസ്ബുള്ള പിന്തുണയ്ക്കുന്നതായി സംഘടനയുടെ ഉപ മേധാവി നയിം ഖ്വാസം പറഞ്ഞു.
Source link