ഓംപ്രകാശുമായി ബന്ധം; പ്രയാഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും ഉടൻ ചോദ്യം ചെയ്യും, സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം

കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശിനെ സന്ദർശിക്കുകയും ലഹരിപ്പാർട്ടിയിൽ പങ്കെടുക്കുകയും ചെയ്ത സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരെ മരട് പൊലീസ് ഉടൻ ചോദ്യം ചെയ്യുമെന്ന് വിവരം. ഇരുവരോടും സ്റ്റേഷനിലെത്താൻ നിർദേശം നൽകിയിട്ടുണ്ട്. താരങ്ങൾ ഓംപ്രകാശിന്റെ മുറി സന്ദർശിച്ചത് ലഹരി ഉപയോഗിക്കാൻ തന്നെയാണെന്ന സംശയത്തിലാണ് പൊലീസ്.
കൊച്ചിയിൽ നടന്നത് ലഹരിപ്പാർട്ടി തന്നെയാണെന്നും പാർട്ടി സംഘടിപ്പിച്ചത് ഓംപ്രകാശിന്റെ സുഹൃത്തുക്കളാണെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. സിനിമാതാരങ്ങളെ ഓം പ്രകാശിന് പരിചയപ്പെടുത്തിയത് എളമക്കര സ്വദേശി ബിനു ജോസഫാണ്. ഇയാൾ ഗുണ്ടാനേതാവ് ഭായ് നസീറിന്റെ അനുയായിയാണ്. ലഹരിക്കേസ് പ്രതിയായ ഇയാൾക്ക് സിന്തറ്റിക് മയക്കുമരുന്ന് ഇടപാടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബിനുവിനെ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു.
സിനിമാതാരങ്ങൾക്ക് പുറമെ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള 20 പേരെയും ചോദ്യം ചെയ്യും. ഹോട്ടലിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്നാണ് വിവരം. ഓംപ്രകാശിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരുങ്ങുകയാണ് പൊലീസ്.
കഴിഞ്ഞദിവസം കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലിലാണ് താരങ്ങൾ ഓംപ്രകാശിനെ സന്ദർശിച്ചത്. ഇവിടെ മൂന്നു മുറികളാണ് ഓംപ്രകാശെടുത്തിരുന്നത്. ഞായറാഴ്ച ബോൾഗാട്ടിയിൽ നടന്ന അലൻ വാക്കറുടെ ഷോയിൽ പങ്കെടുക്കാനാണ് കൊച്ചിയിൽ എത്തിയതെന്നാണ് ഓംപ്രകാശിന്റെ മൊഴി. ബോബി ചലപതി എന്നയാളുടെ പേരിലെടുത്ത മുറിയിലായിരുന്നു ഓംപ്രകാശും കൂട്ടാളിയും ശനിയാഴ്ച ലഹരിപ്പാർട്ടി നടത്തിയത്. അലൻ വാക്കർ ഷോ സംഘാടകരുടെയും മൊഴിയെടുക്കും.
Source link