KERALAM

നഗരത്തിലെ പ്രമുഖ ഹോട്ടലിൽ വിളമ്പിയ കപ്പബിരിയാണിയിൽ ജീവനുള്ള പുഴു; പരാതിയുമായി ദമ്പതികൾ

ഇടുക്കി: ഹോട്ടലിൽ വിളമ്പിയ ഭക്ഷണത്തിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തിയതായി പരാതി. കട്ടപ്പനയിലെ മഹാരാജാ ഹോട്ടലിൽ വിളമ്പിയ കപ്പബിരിയാണിയിൽ നിന്നാണ് ഇവിടെ ആഹാരം കഴിക്കാനെത്തിയ ദമ്പതികൾക്ക് പുഴുവിനെ കിട്ടിയത്. തുടർന്ന് ഇവർ നഗരസഭയിലെത്തി പരാതി നൽകി. പുഴുവിനെ കണ്ടെത്തിയ ഭക്ഷണം പാഴ്‌സലായി നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഹോട്ടൽ ജീവനക്കാർ നിരസിച്ചതായി പരാതിക്കാർ പറയുന്നു.

ഇന്നലെ രാത്രി ഏഴുമണിയോടെയാണ് കാഞ്ചിയാർ സ്വദേശികളായ ദമ്പതികൾ ഹോട്ടലിലെത്തി കപ്പബിരിയാണി ഓർഡർ ചെയ്തത്. ആഹാരം കഴിക്കുന്നതിനിടെ ജീവനുള്ള പുഴുവിനെ കണ്ടെത്തിയതിനെത്തുടർന്ന് വീഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ ജീവനക്കാരെത്തി തടയുകയും ഭക്ഷണം തിരികെയെടുത്തുകൊണ്ട് പോവുകയും ചെയ്തു. ഭക്ഷണം പാഴ്‌സലായി നൽകാൻ ആവശ്യപ്പെട്ടപ്പോൾ ജീവനക്കാർ വിസമ്മതിച്ചുവെന്നും സംഭവം ഒത്തുതീർപ്പാക്കാൻ ഉടമ ശ്രമിച്ചെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ഇന്ന് രാവിലെയാണ് ദമ്പതികൾ രേഖാമൂലം നഗരസഭയിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭാ ആരോഗ്യവിഭാഗം ഹോട്ടലിൽ പരിശോധന നടത്തി.

ഏതാനും ആഴ്‌കൾക്ക് മുൻപ് പ്രദേശത്തെ രണ്ട് ഹോട്ടലുകളിൽ പുഴുവരിച്ച ഭക്ഷണം വിളമ്പിയതായി പരാതി ഉയർന്നിരുന്നു. നഗരസഭ നടപടിയുമായി മുന്നോട്ടു പോകുമ്പോഴും നഗരത്തിനുള്ളിലെ ഹോട്ടലുകളിൽ ഇത്തരത്തിലുള്ള പ്രവണതകൾ തുടരുകയാണെന്ന ആരോപണമായി പ്രതിപക്ഷവും രംഗത്തുവന്നു. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി ഉണ്ടാകണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ നഗരസഭ അധികൃതരെ 9961751089 എന്ന നമ്പറിൽ അറിയിക്കണമെന്ന് ക്ലീൻ സിറ്റി മാനേജർ ജെൻസ് സിറിയക് പറഞ്ഞു.


Source link

Related Articles

Back to top button