KERALAMLATEST NEWS

ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്‌ഭവനിലേക്ക് പോകില്ല; ഗവർണർക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം നൽകാൻ ഡി ജി പി ഷേഖ് ദർവേഷ് സാഹിബും ചീഫ് സെക്രട്ടറി ശാരദ മുരളീധരനും രാജ്‌ഭവനിലേക്ക് പോകില്ല. ഉദ്യോഗസ്ഥരെ രാജ്‌ഭവനിലേക്ക് വിളിപ്പിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അറിയാതെ ഉദ്യോഗസ്ഥരെ വിളിപ്പിക്കുന്നത് ഏത് ചട്ടപ്രകാരമാണെന്നും ഉദ്യോഗസ്ഥർ രാജ്ഭവനിലേക്ക് പോകേണ്ടതില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ടെന്നുമാണ് കത്തിൽ പറയുന്നത്.

ഇന്ന്‌ വൈകിട്ട് ഡി ജി പിയും ചീഫ് സെക്രട്ടറിയും രാജ്‌ഭവനിൽ നേരിട്ടെത്തി മുഖ്യമന്ത്രിയുടെ പരാമർശത്തിൽ വിശദീകരണം നൽകണമെന്നായിരുന്നു ഗവർണറുടെ നിർദേശം. മലപ്പുറം സ്വർണക്കടത്തും ഹവാല കേസുകളും ഇതിൽ ഉൾപ്പെട്ട ദേശവിരുദ്ധ ശക്തികൾ ആരെന്നും വിശദീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നു. രണ്ടു വിഷയങ്ങളിലും ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ നൽകിയിരുന്നില്ല. ഇതേത്തുടർന്നാണ് നേരിട്ടെത്താൻ നിർദ്ദേശിച്ചിരിക്കുന്നത്.

മലപ്പുറത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തെ പൊലീസ് സേന പിടികൂടിയത് 123 കോടി രൂപയുടെ 150 കിലോ സ്വർണവും ഹവാല പണവുമാണെന്നും രാജ്യവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ഈ പണം ഉപയോഗിക്കുന്നുണ്ടെന്നുമായിരുന്നു ദ ഹിന്ദുവിൽ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചിരുന്നു. പിന്നാലെ പി ആർ ഏജൻസി ആവശ്യപ്പെട്ടതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പേരിൽ ഇത്തരമൊരു പരാമർശം എഴുതിയതെന്ന് അഭിമുഖം പ്രസിദ്ധീകരിച്ച പത്രം വ്യക്തമാക്കിയിരുന്നു.


Source link

Related Articles

Back to top button