തിരുവനന്തപുരം: നക്ഷത്ര ചിഹ്നമിട്ട് പ്രതിപക്ഷം നൽകിയ ചോദ്യങ്ങൾ നക്ഷത്ര ചിഹ്നമില്ലാതാക്കിയതിൽ പ്രതിഷേധിച്ച് പ്രസംഗിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ മുഖ്യമന്ത്രിയും മന്ത്രി എം.ബി.രാജേഷും നടത്തിയ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തേക്കില്ല. ഇരുവരുടെയും പരാമർശങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എ.പി.അനിൽകുമാർ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു.
അതേസമയം, പ്രതിപക്ഷ അംഗങ്ങൾ സഭയിൽ വലിയ പ്രതിഷേധമുയർത്തിയപ്പോൾ ആരാണ് പ്രതിപക്ഷ നേതാവ് എന്ന സ്പീക്കറുടെ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ ചെയറിന്റെ നിർദ്ദേശാനുസരണം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തിരുന്നു.
നിലവാരമില്ലാത്ത ആൾ, അപക്വമതി തുടങ്ങിയ പരാമർശങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രി എം.ബി.രാജേഷും നടത്തിയത്. താൻ സഭയിലില്ലാത്തപ്പോൾ നടത്തിയ ഈ പരാമർശങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് വി.ഡി.സതീശനും ആവശ്യപ്പെട്ടിരുന്നു.
Source link