തിരുവനന്തപുരം: ഉരുൾപൊട്ടൽ സാദ്ധ്യതയും മഴയുടെ വ്യാപ്തിയും മുൻകൂട്ടി മനസിലാക്കി ജീവഹാനി ഉണ്ടാകുന്നത് പരമാവധി തടയാൻ സംസ്ഥാനത്ത് ഡോപ്ളർ വെതർ റഡാർ, ലാൻഡ് പ്രഷർ സെൻസർ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു. ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിലാകും സ്ഥാപിക്കുക. കേന്ദ്ര സഹായത്തോടെയാണിത്.
ഡോപ്ളർ വെതർ റഡാർ മാർച്ചിൽ നടപ്പാക്കും. ലാൻഡ് പ്രഷർ സെൻസർ ആദ്യം വയനാട്ടിലാകും സ്ഥാപിക്കുക. ജൂണിനു മുമ്പ് പ്രവർത്തനക്ഷമമാകും. കേരളത്തിലെ മുഴുവൻ ഉരുൾപൊട്ടൽ ഹോട്ട് സ്പോട്ടുകളിലും ഇൗ സംവിധാനമൊരുക്കാൻ മൂന്ന് വർഷമെടുക്കും. റൂർക്കി ഐ.ഐ.ടിയുടെ സഹായത്തോടെയാണിത് സ്ഥാപിക്കുക.
പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റേയും കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടേയും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേയും അംഗീകാരം ലഭിച്ചു. ഹിമാലയ മേഖലയിലെ പ്രകൃതി ദുരന്തങ്ങളിൽ ജീവഹാനി കുറയ്ക്കാൻ വികസിപ്പിച്ച പദ്ധതിയാണ് സർക്കാരിന്റെ തീവ്രശ്രമത്തിന്റെ ഭാഗമായി സംസ്ഥാനത്തും നടപ്പാക്കുന്നത്.
വയനാട്ടിൽ പുൽപ്പള്ളിയിലെ പഴശ്ശി കോളേജ് ക്യാമ്പസിലാണ് ഡോപ്ളർ വെതർ റഡാർ സ്ഥാപിക്കുന്നത്. ഇതിനായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ശാസ്ത്ര,സാങ്കേതിക വിദഗ്ദ്ധരുടെ സംഘം സംസ്ഥാനത്തെത്തി. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് ഇത് അതിവേഗം നടപ്പാകുന്നത്.
ലാൻഡ് പ്രഷർ സെൻസർ
ക്വാറികളോ നിർമ്മാണ പ്രവർത്തനങ്ങൾ മൂലമോ ഭൂമിയുടെ സ്വാഭാവിക സംരക്ഷണ കവചത്തിൽ വിള്ളലുണ്ടാകുമ്പോഴാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്നത്. സംരക്ഷണ കവചങ്ങളിലെ വിള്ളലുകളുടെ വ്യാപ്തി അളക്കാൻ പ്രഷർ സെൻസറുകളിലൂടെ സാധിക്കും. സെൻസറുകളിൽ നിന്നുള്ള ഡാറ്റ തുടർച്ചയായി നിരീക്ഷിക്കുന്നതിലൂടെ ഉരുൾപൊട്ടൽ സാദ്ധ്യത മുൻകൂട്ടി അറിയാനാകും.
ഡോപ്ളർ വെതർ റഡാർ
റോക്കറ്റുകളുടെ വിക്ഷേപണത്തിന് മുമ്പ് മഴയുടെ വ്യാപ്തി അറിയാനുള്ള ഉപകരണം. മഴമേഘങ്ങളിലേക്ക് മൈക്രോവേവ് തരംഗങ്ങൾ അയച്ച് അവ തിരിച്ചുവരുമ്പോഴുള്ള സിഗ്നൽ വ്യതിയാനങ്ങൾ അപഗ്രഥിച്ച് മഴയുണ്ടാകുന്ന സമയം, വ്യാപ്തി, തീവ്രത തുടങ്ങിയവ മുൻകൂട്ടി അറിയാനുള്ള സംവിധാനം.
കേരളത്തിലെ പ്രകൃതി
ദുരന്തങ്ങൾ, മരണം
2018: പ്രളയം……………………………………………………………….. 489
2019: ഉരുൾപൊട്ടൽ- കവളപ്പാറ………………………………….. 59
പുത്തുമല………………………………………………………….. 17
2020: ഉരുൾപൊട്ടൽ-പെട്ടിമുടി…………………………………….. 66
2021: ഉരുൾപൊട്ടൽ-കൂട്ടിക്കൽ…………………………………… 21
2022: ഉരുൾപൊട്ടൽ- കൊക്കയാർ,കടയത്തൂർ……………12
2024: ഉരുൾപൊട്ടൽ- മുണ്ടക്കൈ,ചൂരൽമല……………….403
Source link