മധ്യേഷ്യ സംഘർഷം: നയതന്ത്ര വീഴ്ചയെ വിമർശിച്ച് മാർപാപ്പ
വത്തിക്കാൻ: മധ്യേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിൽ അമേരിക്കയുൾപ്പെടെയുള്ള ലോകശക്തികളുടെ നയതന്ത്രവീഴ്ചയെ വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇസ്രയേലിനുനേരെ ഹമാസ് ഭീകരർ നടത്തിയ ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു മധ്യേഷ്യയിലെ കത്തോലിക്കാവിശ്വാസികൾക്ക് എഴുതിയ കത്തിലാണു മാർപാപ്പ വൻശക്തി രാജ്യങ്ങളെ വിമർശിച്ചത്. ഒരു വർഷമായി തുടരുന്ന സംഘർഷം പരിഹരിക്കുന്നതിൽ ലോകശക്തികളുടെ “ലജ്ജാകരമായ കഴിവില്ലായ്മ”യാണു പ്രകടമായതെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. “ഞാൻ നിങ്ങളെക്കുറിച്ച് ഓർക്കാറും പ്രാർഥിക്കാറുമുണ്ട്. പ്രതികാരത്തിനുള്ള ആഗ്രഹത്തോടൊപ്പം പകയും വർധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ഏറ്റവും ആവശ്യമുള്ളതും ഏറ്റവും ആഗ്രഹിക്കുന്നതുമായ സംവാദവും സമാധാനവും എന്താണെന്ന് കുറച്ച് ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നുന്നു. യുദ്ധം ഒരു പരാജയമാണ്. ആയുധങ്ങൾ ഭാവി കെട്ടിപ്പടുക്കുന്നില്ല, മറിച്ച് അതിനെ നശിപ്പിക്കുന്നു. അക്രമം ഒരിക്കലും സമാധാനം നൽകുന്നില്ല. ചരിത്രം ഇതു തെളിയിക്കുന്നു. എന്നിരുന്നാലും വർഷങ്ങളായി തുടരുന്ന സംഘർഷങ്ങൾ നമ്മെ ഒന്നും പഠിപ്പിച്ചിട്ടില്ലെന്ന് തോന്നുന്നു’’.-മാർപാപ്പ പറഞ്ഞു.
വിശുദ്ധ നാട്ടിൽ വസിക്കുന്ന, സമാധാനത്തിനായി ദാഹിക്കുന്ന, നിസഹായരായ അജഗണത്തിന് അവിടെ തുടരാൻ ആഗ്രഹിക്കുന്നതിന് നന്ദി പറയുന്നതായി മാർപാപ്പ പറഞ്ഞു. “വിശുദ്ധ നാട്ടിലെ കത്തോലിക്കരെ ദൈവം സ്നേഹിക്കുന്നു. ചുറ്റുമുള്ള ഇരുട്ടിൽ അകപ്പെടാൻ അനുവദിക്കാതെ, ഫലം കായ്ക്കാനും ജീവൻ നൽകാനുമുള്ള ഒരു വഴി കണ്ടെത്താൻ നിങ്ങൾ ശ്രമിക്കണം’’- മാർപാപ്പ പറഞ്ഞു. ലോകസമാധാനത്തിനായി ഇന്നലെ ആഗോള കത്തോലിക്കാസഭ ഉപവാസ പ്രാർഥനാദിനമായി ആചരിച്ചിരുന്നു. ഇതോടനുബന്ധിച്ച് ഞായറാഴ്ച വൈകുന്നേരം റോമിലെ മേരി മേജർ ബസിലിക്കയിലെത്തിയ ഫ്രാൻസിസ് മാർപാപ്പ ജപമാല പ്രാർഥന നടത്തിയിരുന്നു. ഞായറാഴ്ച വൈകുന്നേരം ത്രികാല ജപ പ്രാർഥനയ്ക്കുശേഷം നൽകിയ സന്ദേശത്തിൽ പശ്ചിമേഷ്യയിൽ ഉടൻ വെടിനിർത്താൻ എല്ലാവരും തയാറാകണമെന്ന് മാർപാപ്പ അഭ്യർഥിച്ചു.
Source link