സിദ്ദിഖിനെ ചോദ്യം ചെയ്ത് വിട്ടു, 12ന് വീണ്ടും ഹാജരാകണം
തിരുവനന്തപുരം: സിനിമാചർച്ചയ്ക്കായി മാസ്കോട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെ പൊലീസ് മൂന്നു മണിക്കൂർ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. സിറ്റി നാർകോട്ടിക് സെല്ലിലായിരുന്നു ചോദ്യംചെയ്യൽ. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. 12ന് വീണ്ടും ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു. സിദ്ദിഖ് സുപ്രീംകോടതിയിൽ നിന്ന് അറസ്റ്റ് തടഞ്ഞ് ഉത്തരവ് നേടിയിരുന്നു. ഇന്നലെ രാവിലെ പത്തിന് സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്കാണ് സിദ്ദിഖ് എത്തിയത്. അവിടെ നിന്ന് നാർകോട്ടിക് സെൽ അസി.കമ്മിഷണറുടെ ഓഫീസിലേക്ക് അയച്ചു. സുപ്രീംകോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചതിനെത്തുടർന്ന് ഹാജരാവാൻ സമയം തേടി സിദ്ദിഖ് അന്വേഷണ സംഘത്തിന് ഇ-മെയിൽ അയച്ചിരുന്നു. പൊലീസ് അനുവദിച്ച സമയത്താണ് ഹാജരായത്. അന്വേഷണവുമായി സഹകരിക്കുമെന്ന് സിദ്ദിഖ് കോടതിയെ അറിയിച്ചിരുന്നു. മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ആരോപണങ്ങൾ സിദ്ദിഖ് നിഷേധിച്ചതായാണ് സൂചന. ഹോട്ടലിൽ വച്ച് പെൺകുട്ടിയെ കണ്ടിട്ടില്ലെന്നും സിനിമയുടെ പ്രിവ്യൂ നടന്ന തീയേറ്ററിലാണ് കണ്ടെതെന്നും മൊഴി നൽകിയതായി അറിയുന്നു.
Source link