തിരുവനന്തപുരം : ഇന്നലെ നിയമസഭാ സമ്മേളനത്തിൽ സർക്കാരിനെ കടന്നാക്രമിക്കാൻ തയ്യാറെടുത്ത പ്രതിപക്ഷ നീക്കങ്ങളുടെ മുനൊയാടിക്കാനും മുന്നണിയിലെ അതൃപ്തി പരിഹരിക്കാനുമുള്ള കണ്ണിൽ പൊടിയിടലായി എ.ഡി.ജി.പി
അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയ സർക്കാർ നടപടി.ഡി.ജി.പിയുടെ റിപ്പോർട്ടിലെ അജിത് കുമാറിനെതിതായ ഗുരുതര ആരോപണങ്ങൾ തള്ളിയാണ് നടപടി കസേര മാറ്റത്തിൽ ഒതുക്കിയത്.
അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് നടപടിയെടുക്കുമെന്നായിരുന്നു എൽ.ഡി.എഫ് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. പിന്നീട് സി.പി.ഐ നേതൃത്വവുമായി നടന്ന കൂടിക്കാഴ്ച്ചകളിലും ഇതാവർത്തിച്ചു. ഇതിൽ നിന്നും പിന്നോട്ട് പോയാൽ സൃഷ്ടിക്കപ്പെടുന്ന രാഷ്ട്രീയ – ഭരണ പ്രതിസന്ധി സർക്കാരിനും പാർട്ടിക്കും അവമതിപ്പുണ്ടാക്കുമെന്നും , വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടായേക്കാമെന്നും വിലയിരുത്തപ്പെട്ടു. ക്രമസമാധാന ചുമതലയിൽ നിന്നും അജിത്തിനെ ഒഴിവാക്കുന്നതിലൂടെ പ്രതിപക്ഷം ഉന്നയിക്കുന്ന ആർ.എസ്.എസ് – സി.പി.എം ബന്ധമെന്ന ആരോപണത്തെ പ്രതിരോധിക്കാനുമാവും..
,വിവിധ വിഷയങ്ങളിൽ ഒന്നിലധികം അന്വേഷണം നേരിടുന്ന എ.ഡി.ജി.പിയെ ഇനിയും സ്ഥാനത്ത് തുടരാൻ അനുവദിച്ചാൽ രാഷ്ട്രീയ തിരിച്ചടി ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം നടന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയിലും അഭിപ്രായമുയർന്നു.
പൂരം കലക്കലുമായി ബന്ധപ്പെട്ട് തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കൂടിയായ വി.എസ് സുനിൽ കുമാർ എ.ഡി.ജി.പിയെ വിമർശിച്ചതും, ഒന്നിലേറെ തവണ സി.പി.ഐ പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ടതും സർക്കാരിലും മുഖ്യമന്ത്രിയിലും സമ്മർദ്ദം സൃഷ്ടിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുമായും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായും ബിനോയ് വിശ്വം നടത്തിയ കൂടിക്കാഴ്ച്ചയിലും ഇക്കാര്യം വീണ്ടുമുന്നയിച്ചു. സഭ സമ്മേളിക്കുന്നതിന്റെ തൊട്ടു തലേന്ന് സി.പി.ഐ കത്തും നൽകി. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷം ഉന്നയിച്ചാൽ മുഖ്യമന്ത്രിക്ക് പിന്തുണ നൽകാതെ സ്വതന്ത്ര നിലപാടെടുക്കുമെന്ന് കാട്ടി സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് ലഭിച്ച കത്ത് ഉയർത്തിയ ആശങ്ക അദ്ദേഹം മുഖ്യമന്ത്രിയുമായി പങ്കു വച്ചു.. തങ്ങളുടെ സമ്മർദ്ദം ഫലം കണ്ടത് സി.പി.ഐക്കും സന്തോഷം പകർന്നു പൂരം കലക്കിലിലുള്ള പങ്ക് പുറത്ത് വന്നതോടെ എ.ഡി.ജി.പിയുടെ മാറ്റം സാദ്ധ്യമായില്ലെങ്കിൽ സി.പി.ഐയിൽ പൊട്ടിത്തെറിക്കുള്ള സാദ്ധ്യതയും രൂപപ്പെട്ടിരുന്നു.
Source link