വാഷിംഗ്ടണിനിന്ന് പി.ടി. ചാക്കോ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന സംഘര്‍ഷങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുന്നതിന്റെ ചങ്കിടിപ്പിലാണ് അമേരിക്ക. സംഘര്‍ഷങ്ങളെ പരമാവധി മുതലാക്കാന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് ശ്രമിക്കുമ്പോള്‍ അമേരിക്കന്‍ ഭരണകൂടവും ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയും പ്രതിരോധത്തിലാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരു മാസം പോലും ഇല്ലാത്തതിനാല്‍ നിരവധി ദേശീയ വിഷയങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര വിഷയങ്ങളും കത്തിക്കുകയാണ് പാര്‍ട്ടികള്‍. താന്‍ ഭരിച്ച 2016-20 കാലഘട്ടത്തില്‍ ലോകത്ത് സമാധാനം പുലര്ന്നിരുന്നെന്നും ബൈഡന് ഭരണകാലത്ത് സംഘര്‍ഷം വ്യാപകമായെന്നും ട്രംപ് പ്രചരിപ്പിക്കുന്നു. ഹമാസ് ഇസ്രയേലിനുമേല്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് ഇന്നലെ ഒരു വര്‍ഷം പൂര്‍ത്തിയായതിന്റെ അനുരണനങ്ങള്‍ അമേരിക്കയെ ഉലയ്ക്കുന്നു. യുദ്ധത്തിലെ രക്തച്ചൊരിച്ചിലിന് സമീപകാലത്ത് സമാനതകളില്ല. 1949ല്‍ ഇസ്രയേല്‍ സ്ഥാപിച്ചതിനുശേഷം നടക്കുന്ന ഏറ്റവും നീണ്ട യുദ്ധത്തിനു ശമനമില്ലെന്നു മാത്രമല്ല, ഹമാസിനെ പിന്തുണയ്ക്കുന്ന ലബനനിലേക്കും ഇറാനിലേക്കും സംഘര്‍ഷം വ്യാപിക്കുകയാണ്. തങ്ങള്‍ക്കുനേരേ നടന്ന ഇറാന്റെ മിസൈല്‍ ആക്രമണത്തിന് ഇസ്രയേല്‍ നല്കുന്ന തിരിച്ചടി എത്ര ശക്തമായിരിക്കുമെന്നത് പ്രവചനാതീതം.
ഹിസ്ബുള്ള നേതാവ് ഹസന് നസറുള്ള, ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ തുടങ്ങിയവരെ ഇസ്രയേല്‍ വധിച്ചത് സംഘര്‍ഷം കൂടുതല്‍ വഷളാക്കി. ചുരുക്കത്തില്‍ പശ്ചിമേഷ്യ കത്തുന്നു. സംഘര്‍ഷം നീണ്ടുപോകുന്നതിലും വ്യാപിക്കുന്നതിലുമാണ് ലോകത്തിന്റെയും അമേരിക്കയുടെയും ആശങ്ക. ഇസ്രയേലിനെ നിയന്ത്രിക്കാന്‍ അമേരിക്കയ്ക്ക് കഴിയുന്നില്ല എന്നതാണ് ഇവിടെ നടക്കുന്ന പ്രചാരണം. യുദ്ധം വ്യാപിക്കുന്നതിലും പലസ്തീന്‍കാരുടെ കൂട്ടക്കുരുതിയിലും ആശങ്കയുള്ളവരാണ് പൊതുവേ അമേരിക്കക്കാര്‍. നയതന്ത്രതലത്തില്‍ അമേരിക്കയുടെ കൂടുതല്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്ന് 61 ശതമാനം അമേരിക്കക്കാര്‍ കരുതുന്നതായി പ്യൂ റിസര്‍ച്ച് സെന്ററിന്റെ സര്‍വേ ചൂണ്ടിക്കാട്ടി. ഇസ്രയേല്‍ അതിരുവിടുന്നുവെന്ന് ഭൂരിപക്ഷം കരുതുന്നു. യുദ്ധം നീളുന്തോറും അതിനെതിരേയുള്ള ജനവികാരവും ഉയരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് വിരാമമില്ലാത്തത്, ഇറാനെതിരേ ഏര്‍പ്പെടുത്തിയിരുന്ന സാമ്പത്തിക ഉപരോധം മയപ്പെടുത്തിയത്, അഫ്ഗാനിസ്ഥാനില്‍നിന്ന് സൈന്യം ലക്ഷ്യം കൈവരിക്കാനാകാതെ മടങ്ങിയത്, എണ്ണക്കച്ചവടം ഡോളറിനു പകരം മറ്റു കറന്സിയിലുമാകാം എന്ന അവസ്ഥവന്നത് തുടങ്ങിയവയൊക്കെ ചര്‍ച്ചാവിഷയമാണ്. ഇതില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നത് ബൈഡന് ഭരണകൂടവും.
Source link