ശബരിമല: ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകരുത്

ദക്ഷിണേന്ത്യയിലേതെന്നല്ല, ഇന്ത്യയിലെ തന്നെ തീർത്ഥാടന കേന്ദ്രങ്ങളിൽ പ്രമുഖസ്ഥാനമാണ് ശബരിമലയ്ക്കുള്ളത്. വിവിധ ഭാഷകൾ സംസാരിക്കുന്ന, വിവിധ നാടുകളിൽ നിന്നുള്ള നാനാജാതി മതസ്ഥർ അയ്യപ്പ ദർശനം തേടിയെത്തുന്ന പുണ്യ ക്ഷേത്രഭൂമി. മതമൈത്രിയുടെയും പ്രതീകമാണ് ശബരിമല. അയ്യപ്പനെ വണങ്ങാൻ അവിടെ ആർക്കുമെത്താം.

കേരളത്തിനു പുറത്തു നിന്നും എത്രയോ ഭക്തജനങ്ങൾ പതിവായി വരുന്നുണ്ട്. തെക്കൻ സംസ്ഥാനങ്ങളിൽ നിന്നു മാത്രമല്ല,​ ഉത്തരേന്ത്യയിൽ നിന്നുമൊക്കെ മണ്ഡല- മകരവിളക്ക് കാലത്ത് ഭക്തലക്ഷങ്ങൾ അവിടെയെത്തുന്നു. അയ്യപ്പ മന്ത്രം മാത്രമാണ് അവർ മനസ്സിൽ ഉരുക്കഴിക്കുന്നത്. വ്രതംനോറ്റ് വിശ്വാസപൂർവം എത്തിച്ചേരുന്നവർ. അവർക്ക് ഏറ്റവും കൂടുതൽ സൗകര്യങ്ങൾ ഒരുക്കി നൽകുക എന്നതാണ് ദേവസ്വം ബോർഡും സർക്കാരുമൊക്കെ ചെയ്യേണ്ടത്.

ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് നിറുത്തിയെന്നും ഓൺലൈൻ ബുക്കിംഗ് മാത്രമേ ഈ തീർത്ഥാടനകാലത്ത് ഉണ്ടാവുകയുള്ളൂവെന്നും പത്രത്തിൽ വായിച്ചു. ഈ ഓൺലൈൻ ഇടപാട് എനിക്ക് അത്ര പിടിയുള്ളതല്ല. അതെന്തുമാകട്ടെ, സാങ്കേതികവിദ്യ നൽകുന്ന പ്രയോജനങ്ങളെ നമുക്ക് അവഗണിക്കാൻ കഴിയുകയില്ല. അതേസമയംതന്നെ എല്ലാവർക്കും ഇത് അറിയണമെന്നുമില്ല. ശബരിമലയിൽ വ്യത്യസ്ത ജീവിതശ്രേണികളിലുള്ളവർ വരുന്നുണ്ട്. പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുമ്പോൾ അത് സാധാരണക്കാരായ ഭക്തജനങ്ങളെ എങ്ങനെ ബാധിക്കുമെന്നാണ് ആദ്യം ചിന്തിക്കേണ്ടത്.

കഴിഞ്ഞ തവണ തിരക്ക് നിയന്ത്രിക്കുന്നതിൽ വീഴ്ച വന്നുവെന്നും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ കുറേയധികം പേർ പന്തളത്തും മറ്റും തൊഴുതു മടങ്ങിയെന്നും വായിച്ചിരുന്നു. പൂർണാരോഗ്യവാനായി ഇരിക്കുമ്പോൾ മൂന്നുതവണ ശബരിമലയിൽ പോകാൻ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഇത്തവണ വൃശ്ചിക മാസം ആരംഭിക്കുന്നതിനു മുമ്പ് സുഗമമായ ദർശനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് അധികൃതർ ശ്രമിക്കേണ്ടത്. ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും ഉണ്ടാകരുത്. ഓൺലൈൻ ബുക്കിംഗ് മാത്രം പോര, അതൊന്നും ചെയ്യാനറിയാതെ ശബരിമലയിലേക്ക് വരുന്നർക്കുകൂടി ദർശനം നടത്താനുള്ള സൗകര്യം വേണം.

സ്പോട്ട് ബുക്കിംഗ് അതിനു നല്ലതാണെന്ന് പറഞ്ഞുകേട്ടു. എന്തായാലും സർക്കാരും ദേവസ്വം അധികൃതരും വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് രണ്ടും അനുവദിക്കാൻ കഴിയുന്ന ഒരു സാഹചര്യം സൃഷ്ടിക്കണം. നേരത്തെ സൂചിപ്പിച്ചതുപോലെ അന്യനാടുകളിൽ നിന്നടക്കം വരുന്ന ഭക്തജനങ്ങളെ വലയ്ക്കരുത്. എല്ലാവർക്കും സ്വീകാര്യമാകുന്ന ഒരു തീരുമാനം കൈക്കൊള്ളണം. കേരളത്തിന്റെ മഹോത്സവമായ പൂരത്തിന്റെ പേരിൽപ്പോലും നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായി. ശബരിമലയിൽ അതൊന്നും ഉണ്ടാകാൻ അനുവദിക്കരുത്. ഇക്കാര്യത്തിൽ യാതൊരു പിടിവാശിയുടെയും ആവശ്യമില്ല.


Source link
Exit mobile version