കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശിനെ സന്ദർശിക്കുകയും ലഹരിപ്പാർട്ടിയിൽ പങ്കെടുക്കുകയും ചെയ്ത സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് അന്വേഷണം. വിദേശത്തു നിന്ന് കൊക്കയ്‌നെത്തിച്ചാണ് ഡി.ജെ പാർട്ടികളിലടക്കം വിതരണം ചെയ്യുന്നത്. കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലിലാണ് താരങ്ങൾ ഓംപ്രകാശിനെ സന്ദർശിച്ചത്. ഇവിടെ മൂന്നു മുറികളാണ് ഓംപ്രകാശെടുത്തിരുന്നത്.
സംഭവത്തിൽ കഴിഞ്ഞദിവസം മരട് പൊലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം വലിയതുറ പൂനംമൂട് വിളാകം സ്വദേശി ഓംപ്രകാശിനും (45), കൂട്ടാളി കൊല്ലം കൊട്ടാരക്കര സ്വദേശി ഷിഹാസ് സലാഹുദ്ദീനും (55) ഇന്നലെ എറണാകുളം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകി. അളവിൽക്കൂടുതൽ മദ്യം കൈവശം വച്ചതിനും, സിപ് ലോക്ക് കവറിൽ കൊക്കെയ്ൻ കണ്ടെത്തിയതിനുമാണ് കേസെടുത്തത്.
ജാമ്യത്തെ എതിർത്തുള്ള പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ശ്രീനാഥ് ഭാസി, പ്രയാഗ, ബിനു, ബിജു, അനൂപ്, ഡോൺ ലൂയീസ്, സ്‌നേഹ, ടിപ്‌സൺ, നവാസ്, രൂപ, പപ്പി തുടങ്ങി 20ലധികം പേർ ഓംപ്രകാശിനും ഷിഹാബിനുമൊപ്പം ലഹരിപ്പാർട്ടിയിൽ പങ്കെടുത്തെന്ന് പറയുന്നത്. താരങ്ങളെ നക്ഷത്രഹോട്ടലിലെത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ (ചോക്ലേറ്റ് ബിനു) ചോദ്യം ചെയ്യുകയാണ്. മലയാള സിനിമയിലെ ലഹരിയുപയോഗത്തെക്കുറിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിലടക്കം പരാമർശമുണ്ടായിരുന്നു.
പാർട്ടിയിൽ പങ്കെടുത്തവരെ ചോദ്യം ചെയ്യും
ലഹരിപ്പാർട്ടിയിൽ പങ്കെടുത്തവരെ ചോദ്യം ചെയ്യുമെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ കെ.എസ്. സുദർശൻ പറഞ്ഞു. സിനിമാതാരങ്ങളുമായി ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും ഫോണിൽ ലഭിച്ചില്ല. ബിനു ജോസഫ് ഗുണ്ടാനേതാവ് ഭായ് നസീറിന്റെ അനുയായിയാണ്. ലഹരിക്കേസ് പ്രതിയായ ഇയാൾക്ക് സിന്തറ്റിക് മയക്കുമരുന്ന് ഇടപാടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബിനുവിനെ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ചോദ്യംചെയ്യുന്നത്. ഞായറാഴ്ച ബോൾഗാട്ടിയിൽ നടന്ന അലൻ വാക്കറുടെ ഷോയിൽ പങ്കെടുക്കാനാണ് കൊച്ചിയിൽ എത്തിയതെന്നാണ് ഓംപ്രകാശിന്റെ മൊഴി. ബോബി ചലപതി എന്നയാളുടെ പേരിലെടുത്ത മുറിയിലായിരുന്നു ഓംപ്രകാശും കൂട്ടാളിയും ശനിയാഴ്ച ലഹരിപ്പാർട്ടി നടത്തിയത്. അലൻ വാക്കർ ഷോ സംഘാടകരുടെയും മൊഴിയെടുക്കും.
Source link