ഡി.എൻ.എ ടെസ്റ്റ്: മൃതദേഹം വിട്ടു നൽകുന്നതിൽ ഇന്നു തീരുമാനം
അങ്കോള : ഗംഗാവലി പുഴയിൽ നിന്ന് വീണ്ടെടുത്ത ട്രക്കിന്റെ ക്യാബിനിൽ കണ്ടെത്തിയ അർജുന്റെ ശരീര ഭാഗങ്ങൾ കാർവാർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഡി.എൻ.എ പരിശോധന നടത്തുന്നതിനുള്ള സാമ്പിൾ ഇന്നെടുക്കും. ബംഗളൂരു ലാബിലേക്ക് അയയ്ക്കുന്ന സാമ്പിളിന്റെ പരിശോധനാഫലം രണ്ടുദിവസത്തിനകം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉത്തര കർണാടക ജില്ല കളക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. മൃതദേഹം അർജുന്റേത് തന്നെയെന്ന് ഉറപ്പുവരുത്താനാണ് ഡി.എൻ.എ പരിശോധന. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും. പരിശോധന ഫലം വന്നതിനുശേഷം മൃതദേഹം വിട്ടുകൊടുക്കാൻ തീരുമാനിച്ചാൽ നാട്ടിലെത്തിക്കുന്നത് വൈകും.
ദൗത്യത്തിൽ തൃപ്തി: സിദ്ധരാമയ്യ
ട്രക്കിനൊപ്പം അർജുനെയും കണ്ടെത്തുന്നതിന് ഗംഗാവലി പുഴയിൽ നടത്തിയ ദൗത്യം തൃപ്തികരമായിരുന്നുവെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. ഏറെ ദിവസങ്ങൾ നീണ്ടത് കാലാവസ്ഥ പ്രതികൂലമായതിനാലും പുഴയിലെ അടിയൊഴുക്ക് ശക്തമായതിനാലുമാണ്. കാണാതായ മറ്റു രണ്ടു പേർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Source link