വീട്ടമ്മ നൽകിയ ബലാത്സംഗ പരാതി വ്യാജം; കേസെടുത്താൽ പൊലീസിന്റെ ആത്മവീര്യത്തെ ബാധിക്കുമെന്ന് സർക്കാർ
മലപ്പുറം: എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വീട്ടമ്മ നൽകിയ ബലാത്സംഗപരാതി കള്ളമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ല. എസ്പിയടക്കമുള്ളവർക്കെതിരെ കേസെടുക്കാനുള്ള തെളിവില്ല എന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ്, ഡിവൈഎസ്പി ബെന്നി ഉൾപ്പെടെയുള്ളവർക്കെതിരെ ബലാത്സംഗ പരാതി നൽകിയിട്ടും കേസെടുക്കുന്നില്ല എന്നാരോപിച്ചാണ് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇതിൽ മറുപടി സത്യവാങ്മൂലം നൽകുകയായിരുന്നു സർക്കാർ. മലപ്പുറം അഡീഷണൽ സൂപ്രണ്ട് ഒഫ് പൊലീസ് ആയ ഫിറോസ് എം ഷെഫീഖ് ആണ് സർക്കാരിനായി ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
വീട്ടമ്മയുടെ പരാതി വ്യാജമാണ്. ഇതുമായി ബന്ധപ്പെട്ട് തെളിവെടുപ്പും പരിശോധനകളും നടത്തിയിരുന്നു. വീട്ടമ്മ നൽകിയ മൊഴികളെല്ലാം പരസ്പര വിരുദ്ധമാണ്. സംഭവം നടന്നുവെന്ന് പറയുന്ന സ്ഥലങ്ങളും സാഹചര്യങ്ങളും അവർക്ക് വിശദീകരിക്കാൻ കഴിയുന്നില്ല. വീട്ടമ്മയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള യാതൊരു തെളിവുമില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അങ്ങനെ കേസെടുത്താൽ അത് പൊലീസിന്റെ ആത്മവീര്യത്തെ തന്നെ ബാധിക്കുമെന്നും ഫിറോസ് എം ഷെഫീഖ് നൽകിയ മറുപടിയിൽ പറയുന്നു.
മാത്രമല്ല, സംഭവം നടന്നു എന്നുപറയുന്ന സമയം പരാതിയിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോൺ രേഖകൾ പരിശോധിച്ചു. ഇതനുസരിച്ച് ഇയാൾ കോയമ്പത്തൂരിലായിരുന്നു എന്ന് ബോദ്ധ്യപ്പെട്ടു. യുക്തിസഹമല്ലാത്ത കാര്യങ്ങളാണ് വീട്ടമ്മ പറഞ്ഞത്. കേസെടുക്കണമെന്ന് പറയുന്ന വീട്ടമ്മയുടെ ഹർജി തന്നെ തള്ളണം എന്നാണ് സർക്കാരിന്റെ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നത്.
Source link