തിരുവനന്തപുരം: പീഡനക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായ നടൻ സിദ്ദിഖ് മടങ്ങി. രണ്ടരമണിക്കൂറിന് ശേഷമാണ് സിദ്ദിഖ് മടങ്ങിപ്പോയത്. എന്നാൽ സിദ്ദിഖിനെതിരായ കേസിൽ ഇന്ന് വിശദമായ ചോദ്യം ചെയ്യൽ നടന്നിട്ടില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ചില രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും സിദ്ദിഖ് ഹാജരാക്കിയില്ല. അക്കാര്യങ്ങൾ ചോദിച്ചതല്ലാതെ മൊഴിയെടുപ്പിലേക്ക് കടന്നിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. ഈ മാസം 12 ശനിയാഴ്ച വീണ്ടും ഹാജരാകാനും സിദ്ദിഖിന് നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ മകനൊപ്പമാണ് സിദ്ദിഖ് ഹാജരായത്.
യുവനടിയുടെ പരാതിയിലാണ് സിദ്ദിഖിനെതിരെ ബലാത്സംഗത്തിന് കേസെടുത്തിരിക്കുന്നത്. സിനിമാ ചർച്ചയ്ക്കായി മാസ്കോട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. പരാതിക്കാരിയുടെ വിശദമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്ലസ്ടുക്കാലത്ത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സിദ്ദിഖ്, നിളാ തീയറ്ററിലെ ഒരു ചിത്രത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞ് സിനിമാ ചർച്ചയ്ക്കായി മാസ്കോട്ട് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നാണ് മൊഴി നൽകിയിരിക്കുന്നത്. ഈ സമയം മാതാപിതാക്കൾ ഒപ്പമുണ്ടായിരുന്നു. പിന്നീട് ഹോട്ടലിലെത്തിയ തന്നെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു. അവിടെ നിന്ന് ഒരുവിധത്തിൽ രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
പരാതിക്കാരിയെ തിരുവനന്തപുരത്ത് വച്ച് കണ്ടിരുന്നതായി സിദ്ദിഖ് തന്നെ സമ്മതിച്ചിട്ടുണ്ട്. സുപ്രീംകോടതി രണ്ടാഴ്ച്ചത്തേക്ക് നടന്റെ അറസ്റ്റ് തടഞ്ഞിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ ഒളിവിൽ പോയ സിദ്ദിഖ്, സുപ്രീംകോടതി അറസ്റ്റ് താത്ക്കാലികമായി തടഞ്ഞതോടെയാണ് പുറത്തിറങ്ങിയത്.
Source link