പ്രണയത്തെ എതിര്‍ത്തു; യുവതി വിഷം നല്‍കി കൊലപ്പെടുത്തിയത് 13 കുടുംബാംഗങ്ങളെ; കാമുകനും പിടിയില്‍
ഇസ്ലാമാബാദ്: പാകിസ്താനില്‍ മാതാപിതാക്കളെ ഉള്‍പ്പെടെ കുടുംബത്തിലെ പതിമ്മൂന്ന് പേരെ വിഷം നല്‍കി കൊലപ്പെടുത്തിയ യുവതിയേയും കുറ്റകൃത്യത്തില്‍ പങ്കാളിയായ യുവാവിനേയും പോലീസ് അറസ്റ്റ് ചെയ്തു. പ്രണയിച്ചയാളെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ അനുമതി നല്‍കാതിരുന്നതാണ് വിഷം നല്‍കാനുള്ള കാരണമെന്ന് യുവതി മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. ഷെയ്‌സ്ത ബ്രോഹി, കാമുകന്‍ അമീര്‍ ബക്ഷി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിന്ധ് പ്രവിശ്യയിലെ ഖൈര്‍പുരിലാണ് സംഭവം. അജ്ഞാതരോഗമോ ഭക്ഷ്യവിഷബാധയോ ആവാം മരണകാരണം എന്നാണ് ആദ്യം സംശയിച്ചത്. കൂട്ടുകുടുംബത്തിലെ പതിമ്മൂന്നംഗങ്ങള്‍ മരിക്കുകയും ഷെയ്‌സ്ത മാത്രം രക്ഷപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് പോലീസ് യുവതിയെ ചോദ്യം ചെയ്തത്. അമീര്‍ ബക്ഷി കൈമാറിയ വിഷം ഷെയ്‌സ്ത ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. ഓഗസ്റ്റ് 19 നായിരുന്നു സംഭവം. ഭക്ഷണം കഴിച്ചതിനുപിന്നാലെ അവശരായിത്തീര്‍ന്ന കുടുംബാംഗങ്ങളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്‍പതുപേര്‍ മരിച്ചു. ചികിത്സയില്‍ തുടര്‍ന്ന നാലുപേര്‍ പിന്നീട് മരിക്കുകയായിരുന്നു.
Source link