KERALAMLATEST NEWS

മുഖ്യമന്ത്രിക്ക് പാർട്ടി കവചം; സർക്കാരിന് പി.ആർ ഏജൻസിയില്ല, എ.ഡി.ജി.പിക്കെതിരെ വിമർശനം

# പി.ശശിക്കെതിരെ അന്വേഷണമില്ല

തിരുവനന്തപുരം: അഭിമുഖ വിവാദത്തിലെ പി.ആർ ഏജൻസിയുടെ പങ്ക്, ആർ.എസ്.എസ് -എ.ഡി.ജി.പി കൂടിക്കാഴ്ച, പി.ശശിക്കെതിരായ പരാതിയടക്കം അൻവർ ഉന്നയിച്ച ആരോപണങ്ങൾ എന്നിവയിൽ മുഖ്യമന്ത്രിക്ക് സി.പി.എമ്മിന്റെ രാഷ്ട്രീയ കവചം. ഇന്നലെ പാർട്ടി സംസ്ഥാന സമിതി മുഖ്യമന്ത്രിയുടെ വാദഗതികളോട് യോജിക്കുകയും വാർത്താസമ്മേളനം നടത്തിയ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ മുഖ്യമന്ത്രിയെ ന്യായീകരിക്കുകയും ചെയ്തു.

ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് എ.ഡി.ജി.പിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതോടെ, ഡി.ജി.പിയുടെ റിപ്പോർട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എം.വി.ഗോവിന്ദനും കൂടിക്കാഴ്ച ഗുരുതരമാണെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി വരുമെന്നും പറഞ്ഞു.

ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിശദീകരണം നൽകി.

തനിക്ക് പി.ആർ ഏജൻസിയില്ല. അതിനായി ആരെയും നിയോഗിക്കുകയോ പണം നൽകുകയോ ചെയ്തിട്ടില്ല. അഭിമുഖത്തിനായി ടി.കെ.ദേവകുമാറിന്റെ മകൻ സുബ്രഹ്മണ്യൻ നിരന്തരം സമീപിക്കുമായിരുന്നു. സുബ്രഹ്മണ്യൻ ഫ്രീലാൻസ് മാദ്ധ്യമ പ്രവർത്തകനാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

എ.ഡി.ജി.പിയെ ചുമതലയിൽ നിന്നു മാറ്റണമെന്നു സി.പി.ഐ പരസ്യമായി പറയുന്നതു മുന്നണി മര്യാദയ്ക്കു ചേർന്നതല്ലെന്നും ബിനോയ് വിശ്വത്തിന്റെ പരാമർശങ്ങൾ പ്രതിപക്ഷത്തിന്റേതു പോലെയാണെന്നും വിമർശനമുണ്ടായി.വിവാദങ്ങൾ സർക്കാരിനും മുന്നണിക്കും ദോഷമുണ്ടാക്കിയെന്ന് പാർട്ടി വിലയിരുത്തി.

ആക്രമണം നേതൃത്വത്തിന്

എതിരെ: എം.വി.ഗോവിന്ദൻ

പാർട്ടി നേതൃത്വത്തിനെതിരെയുള്ള ആക്രമണമാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെന്ന് എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കിടയിലുള്ള മുഖ്യമന്ത്രിയുടെ അംഗീകാരം ഇല്ലാതാക്കാനാണ് ആർ.എസ്.എസ് ബന്ധം, സന്ധി എന്ന ആരോപണങ്ങൾ ഉന്നയിക്കുന്നത്. ദ ഹിന്ദു ദിനപത്രം ഖേദം പ്രകടിപ്പിച്ചപ്പോൾ വിവാദം അവസാനിപ്പിക്കേണ്ടതായിരുന്നു. മുമ്പ് പിണറായി ചിരിക്കുന്നില്ല എന്നായിരുന്നു പരാതി. ഇപ്പോൾ മുഖ്യമന്ത്രിയുടെ ചിരിയെച്ചൊല്ലിയും പരിഹാസമാണ്.

സർക്കാരിനെ നേരിടാൻ കേരളത്തിൽ മഴവിൽ സഖ്യമാണ്. വിമോചന സമരകാലത്തേതിനു സമാനമായ നീക്കമാണ്. പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരായ അൻവറിന്റെ വിമർശനത്തിനു പിന്നിൽ ദുഷ്ടലാക്കാണ്. പി.ശശിക്കെതിരെ അൻവറിന്റെ ആരോപണത്തിൽ കഴമ്പില്ല. നിയമപരമായി നേരിടാൻ ശശി തീരുമാനിച്ചിട്ടുണ്ട്. മുസ്ലീം ലീഗും എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും ചേർന്ന് ന്യൂനപക്ഷ ജനവിഭാഗങ്ങളെ വർഗീയതയിലേക്ക് നയിക്കുന്നു. ബി.ജെ.പിക്ക് വളരാനുള്ള മണ്ണൊരുക്കുകയാണ്.

പി.ആർ.വിവാദത്തിൽ

എങ്ങുംതൊടാതെ

1. അഭിമുഖ വിവാദത്തിൽ മുഖ്യമന്ത്രിയെ വിശ്വസിക്കുകയാണോ?

അതേ. പാർട്ടിക്കും സർക്കാരിനും പി.ആർ ഏജൻസിയുടെ ആവശ്യമില്ല.

2. മുഖ്യമന്ത്രി പറയാത്ത കാര്യം സുബ്രഹ്മണ്യൻ എഴുതിക്കൊടുത്തതിൽ അന്വേഷണമുണ്ടാവുമോ?

ആരാണ് എഴുതിക്കൊടുത്തതെന്ന് വ്യക്തതയില്ല. പി.ആർ ഏജൻസിയുണ്ടെന്ന പത്രത്തിന്റെ വാദം തെറ്റാണ്. നിങ്ങൾ പത്രപ്രവർത്തനത്തിന്റെ മിടുക്കുകൊണ്ട് കണ്ടുപിടിച്ചോളൂ.

3. സുബ്രഹ്മണ്യനോട് വിശദീകരണം ചോദിച്ചിരുന്നോ?

ചോദിച്ചിട്ടില്ല.

4.ആർ.എസ്.എസ്- എ.ഡി.ജി.പി കൂടിക്കാഴ്ച രാഷ്ട്രീയ വിഷയമാണെന്ന സി.പി.ഐ വാദം അംഗീകരിക്കുന്നുണ്ടോ?

അത് സി.പി.ഐയുടെ അഭിപ്രായമാണ്. ഞങ്ങൾക്ക് ഞങ്ങളുടേതായ ബോധ്യമുണ്ട്. അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം തീരുമാനിക്കും.


Source link

Related Articles

Back to top button