ജയശങ്കറിന്റെ പാക് സന്ദർശനം: ഇന്ത്യയുടെ ഫോക്കസ് എസ്.സി.ഒയിൽ

ദക്ഷിണേഷ്യയിലെ ആണവശക്തികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നല്ല ബന്ധം വേണമെന്ന പഴയ നിലപാട് യു.എസിനില്ല. ഈ മാറ്റം ഇന്ത്യയ്‌ക്കുമേലുള്ള സമ്മർദ്ദം ഇല്ലാതാക്കി. വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ പാകിസ്ഥാൻ സന്ദർശിക്കുന്നതിനെക്കുറിച്ചുള്ള വിശകലനം

————————————————————–

വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കർ ഇസ്ലാമാബാദിൽ 15, 16 തീയതികളിൽ നടക്കുന്ന ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകുന്നു. ഒമ്പതുവർഷത്തെ ഇടവേളയ്‌ക്കുശേഷം ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവിന്റെ പാകിസ്ഥാൻ സന്ദർശനം.

2015 ഡിസംബർ എട്ടിന് നടന്ന ഹാർട്ട് ഒഫ് ഏഷ്യാ ഉച്ചകോടിയിൽ പങ്കെടുക്കാൻ അന്നത്തെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഏറ്റവുമൊടുവിൽ പാക് മണ്ണിലേക്ക് പോയത്. അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്, വിദേശകാര്യമന്ത്രി സർദാജ് അസീസ് എന്നിവരുമായി സുഷമ നടത്തിയ കൂടിക്കാഴ്‌ചയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ധാരണയായിരുന്നു. അതിന്റെ തുടർച്ചയായാണ് ആ വർഷം ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത ലാഹോർ സന്ദർശനം. എന്നാൽ പിന്നീട് ഇന്ത്യ-പാക് നയതന്ത്രബന്ധത്തിൽ അകൽച്ചയുണ്ടായി. പാകിസ്ഥാനുമായുള്ള കഴിഞ്ഞ പത്തു വർഷത്തെ ഉഭയകക്ഷിബന്ധം പരിശോധിച്ചാൽ ഇന്ത്യൻ വിദേശകാര്യനയത്തിൽ കാര്യമായ മാറ്റംവന്നതായി കാണാം. പാകിസ്ഥാനുമായുള്ള ബന്ധത്തിന് മുൻപുണ്ടായിരുന്ന പ്രസക്തി ഇപ്പോഴില്ല. ഇതിന് ഒന്നാമത്തെ കാരണം ദക്ഷിണേഷ്യയിലെ ആണവശക്തികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നല്ലബന്ധം വേണമെന്ന പഴയ നിലപാട് യു.എസിന് ഇപ്പോൾ ഇല്ലാത്തതാണ്. ഈ മാറ്റം ഇന്ത്യയ്‌ക്കുമേലുള്ള സമ്മർദ്ദം ഇല്ലാതാക്കി.

ഇന്ത്യ-പാക് സാമ്പത്തിക ഇടപാടുകൾ കുറവാണ്. ജനങ്ങൾ ഇടപഴകുന്നില്ല. അതേസമയം പാക് സഹായത്തോടെയുള്ള ഭീകരപ്രവർത്തനത്തെ ഇന്ത്യ എതിർക്കുന്നു. എന്തെങ്കിലും ചർച്ച നടന്നാൽ അത് ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ടായിരിക്കും.

ഈ പരിതസ്ഥിതികളുടെ തുടർച്ചയായിരുന്നു 2019ലെ പുൽവാമാ ഭീകരാക്രമണം. മോദി സർക്കാർ ജമ്മുകാശ്‌മീരിന്റെ പ്രത്യേക അധികാരം ഇല്ലാതാക്കിയതിനെ പാകിസ്ഥാൻ എതിർത്തു. അതിനുശേഷം ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധത്തിൽ കാര്യമായ വിള്ളലുണ്ടായി. നദീജല കരാറുകളിൽപ്പോലും (ഇൻഡസ് വാട്ടർ ട്രീറ്റി) അത് പ്രതിഫലിച്ചു.

എസ്.സി.ഒ സുപ്രധാനം

ഉഭയകക്ഷി ബന്ധത്തിനപ്പുറം എസ്.സി.ഒയുടെ വിശാലമായ അന്താരാഷ്‌ട്ര പ്ളാറ്റ്‌ഫോമിന്റെ പ്രാധാന്യമാണ് ജയശങ്കറിന്റെ സന്ദർശനത്തിന് വഴിതുറക്കുന്നത്. ചൈനയും റഷ്യയും അടക്കം രാജ്യങ്ങൾ അതിലുൾപ്പെടുന്നു. ഈ അന്താരാഷ്‌ട്ര വേദിയിൽ റഷ്യയുമായുള്ള ബന്ധം, മദ്ധ്യേഷ്യൻ നയങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. എസ്.സി.ഒ നാറ്റോയെ പോലെ സൈനിക സഹകരണ കൂട്ടായ്‌മയുമാണ്. അതിനാൽ പാകിസ്ഥാനുമായുള്ള ഉഭയകക്ഷിബന്ധത്തിന്റെ പേരിൽ എസ്.സി.ഒയിൽ നിന്ന് വിട്ടുനിന്ന് മോശം പ്രതിച്ഛായ സൃഷ്‌ടിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല.

പ്രധാനമന്ത്രി പങ്കെടുക്കേണ്ട ഉച്ചകോടികളിൽ വിദേശകാര്യമന്ത്രി പോകുന്നത് അപൂർവ്വം. പാകിസ്ഥാനുമായുള്ള മോശം ബന്ധം കണക്കിലെടുത്ത് പ്രധാനമന്ത്രി പോകാതിരിക്കുകയും എസ്.സി.ഒയുടെ പ്രാധാന്യം കണക്കിലെടുത്ത് വിദേശകാര്യ മന്ത്രിയെ പങ്കെടുപ്പിക്കുകയുമാണ് ഇന്ത്യ ചെയ്യുന്നത്.

(ലേഖകൻ വിദേശകാര്യ വിദഗ്‌ദ്ധനായ മാദ്ധ്യമപ്രവർത്തകനും സമൂഹമാദ്ധ്യമ പ്ളാറ്റ്ഫോം പിക്‌സ്റ്റോറിയുടെ സഹസ്ഥാപകനുമാണ്)


Source link
Exit mobile version