CINEMA

ആരുടെയെങ്കിലും ഭാര്യയാകുന്നതിനു മുൻപ് ജ്യോതിർമയി ആരായിരുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ?: റിമ ചോദിക്കുന്നു

‘ജ്യോതിർമയിയെ ‌കാസ്റ്റ് ചെയ്തത് എങ്ങനെയാണ് നെപ്പോട്ടിസമാവുക ?’ റിമയുടെ ചോദ്യത്തിന് പ്രേക്ഷകരുടെ മറുപടി | Rima Kallingal Defends Jyothirmayi

ആരുടെയെങ്കിലും ഭാര്യയാകുന്നതിനു മുൻപ് ജ്യോതിർമയി ആരായിരുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ?: റിമ ചോദിക്കുന്നു

മനോരമ ലേഖകൻ

Published: October 07 , 2024 11:36 AM IST

Updated: October 07, 2024 11:43 AM IST

1 minute Read

ജ്യോതിർമയി, റിമ കല്ലിങ്കൽ

‌നടി ജ്യോതിർമയിയെ പരിഹസിച്ച് കമന്റിട്ട വ്യക്തിക്ക് മറുപടി കൊടുത്ത റിമ കല്ലിങ്കലിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകർ. അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബോഗെയ്ൻവില്ല’ എന്ന സിനിമയിലൂടെ അഭിനയത്തിൽ ഗംഭീര തിരിച്ചു വരവ് നടത്തുകയാണ് ജ്യോതിർ‌മയി. സിനിമയുടെ പോസ്റ്ററിലും ‘സ്തുതി’പ്പാട്ടിലും പ്രത്യക്ഷപ്പെട്ട താരത്തിന്റെ ലുക്കും ആറ്റിറ്റ്യൂഡും ആരാധകശ്രദ്ധ നേടിയിരുന്നു. ജ്യോതിർമയിയുടെ പ്രകടനത്തെ അഭിനന്ദിച്ച് റിമ കല്ലിങ്കൽ പങ്കുവച്ച പോസ്റ്റിനു താഴെയുള്ള പരിഹാസ കമന്റിന് റിമ മറുപടി കൊടുത്തതോടെയാണ് വാദപ്രതിവാദങ്ങളുടെ തുടക്കം. 
‘ആഹാ… ആരാണ് ഇപ്പോൾ നെപ്പോട്ടിസത്തെ പിന്തുണയ്ക്കുന്നത് !!! എന്നത്തെയും പോലെ കാപട്യവും ഇരട്ടത്താപ്പും!‌’– ശ്രീധർ ഹരി എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിൽ നിന്നെത്തിയ കമന്റ് ഇതായിരുന്നു. ജ്യോതിർമയിയെ സിനിമയിൽ കാസ്റ്റ് ചെയ്തത് എങ്ങനെയാണ് നെപ്പോട്ടിസമാവുക എന്ന സംശയം ഉന്നയിച്ച് റിമ കമന്റ് ചെയ്തതോടെ കമന്റ് ബോക്സ് സംവാദ വേദിയായി. റിമയെ നായികയാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ‘നീലവെളിച്ച’ത്തെ പരാമർശിച്ചു കൊണ്ടാണ് അതിനു മറുപടി ശ്രീധർ ഹരി കുറിച്ചത്. സംവിധായകൻ അമൽ നീരദിന്റെ ഭാര്യ ആയതുകൊണ്ടാണ് ജ്യോതിർമയിയെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതെന്നും നെപ്പോട്ടിസത്തിന്റെ നിർവചനം പരിശോധിക്കാനും റിമയോടു ആവശ്യപ്പെട്ടതോടെ ആരാധകരും മറുപടികളുമായെത്തി. 

ആരുടെയെങ്കിലും ഭാര്യ ആകുന്നതിനു മുൻപ് ജ്യോതിർമയി ആരായിരുന്നുവെന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്ന് റിമ കല്ലിങ്കൽ ചൂണ്ടിക്കാട്ടി. ‘ഏതെങ്കിലും തരത്തിലുള്ള ബന്ധങ്ങളോ കുടുംബപാരമ്പര്യമോ ഇല്ലാതെയാണ് ജ്യോതിർമയി സിനിമയിലെത്തിയത്. സ്വന്തം കഴിവിന്റെയും പരിശ്രമത്തിന്റെയും ബലത്തിലാണ് അവർ വിജയകരമായ കരിയർ പടുത്തുയർത്തിയതും. പിന്നീട് ഒരു സംവിധായകനെ വിവാഹം കഴിക്കുന്നത് അവർ ഒറ്റയ്ക്ക് നേടിയെടുത്ത വിജയങ്ങളെ റദ്ദ് ചെയ്യുന്നില്ല. കാരണം, അവർ സ്വന്തമായി അതു തെളിയിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്കു ശേഷം സ്വന്തം പങ്കാളിയുടെ പിന്തുണയോടെ ഇൻഡസ്ട്രിയിലേക്ക് തിരിച്ചെത്തുന്നത് സ്വജനപക്ഷപാതമല്ല. 

സ്വന്തം കഴിവു തെളിയിക്കാതെ ആ ബന്ധങ്ങളെ പ്രയോജനപ്പെടുത്തുമ്പോഴാണ് സ്വജനപക്ഷപാതമാകുന്നത്. ജ്യോതിർമയിയുടെ കാര്യത്തിൽ അവർ ഇൻഡസ്ട്രിയിൽ ബന്ധങ്ങളുണ്ടാക്കുന്നതിനു മുൻപ് സ്വന്തം ഇടം കണ്ടെത്തിയ വ്യക്തിയാണ്. അവരുടെ തിരിച്ചുവരവ് അവരുടെ പങ്കാളി സുഗമമാക്കുന്നുണ്ടെങ്കിൽ അതിനെ പിന്തുണയായി വേണം കണക്കാക്കാൻ ! കുടുംബബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള പക്ഷപാതമല്ല അത്. അതിനാൽ, സ്വജനപക്ഷപാതത്തിന്റെ നിർവചനത്തിന് ഇത് യോജിക്കുന്നില്ല,’ എന്നായിരുന്നു ഒരു റിമയെ പിന്തുണച്ച് ഒരു ആരാധകൻ കുറിച്ച മറുപടി. 

അമൽ നീരദ് ചിത്രം ബോഗെയ്ൻവില്ലയിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജ്യോതിർമയിയാണ്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള താരത്തിന്റെ പോസ്റ്ററും ഗാനവും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച ആയിരുന്നു.

English Summary:
Rima Kallingal Defends Jyothirmayi’s Comeback, Sparks Online Debate

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-jyothirmayi mo-entertainment-common-malayalammovienews mo-entertainment-movie-aashiqabu f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 59qto4j8trlr0hnreb67npqavk mo-entertainment-movie-rimakallingal


Source link

Related Articles

Back to top button