ജോർജ് കൂവക്കാട് റോമിൽ കർദ്ദിനാൾ

നിയുക്ത കർദ്ദിനാൾ ജോർജ് കൂവക്കാട്

കൊച്ചി‍\കോട്ടയം: സിറോ മലബാർ സഭയുടെ ചങ്ങനാശേരി അതിരൂപത അംഗമായ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ കർദ്ദിനാളായി ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ഡിസംബർ എട്ടിന് നടക്കുന്ന ചടങ്ങിൽ അദ്ദേഹം അഭിഷിക്തനാകും.

വത്തിക്കാനിൽ നടന്ന ചടങ്ങിൽ മാർപ്പാപ്പയാണ് മറ്റ് 19 പേർക്കൊപ്പം ജോർജ് കൂവക്കാടിനെ കർദ്ദിനാളായി പ്രഖ്യാപിച്ചത്. വത്തിക്കാനിലെ കത്തോലിക്കാസഭാ ആസ്ഥാനത്തെ പൊതുകാര്യങ്ങൾക്ക് വേണ്ടിയുള്ള വിഭാഗത്തിലാണ് 51 കാരനായ അദ്ദേഹത്തിന് നിയമനം. ചങ്ങനാശേരി മാമ്മൂട് കൂവക്കാട് ജേക്കബ് – ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. 2004 ജൂലായ് 24ന് ബിഷപ്പ് ജോസഫ് പൗവ്വത്തിലിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. റോമിൽ നിന്ന് കാനൻ ലായിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. പാറേൽ സെന്റ് .മേരീസ് പള്ളിയിൽ അസി. വികാരിയായാണ് തുടക്കം. 2006 മുതൽ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിൽ ജോലി ചെയ്യുകയായിരുന്നു. അൾജീരിയ, സൗത്ത് കൊറിയ, ഇറാൻ, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങളിലെ നയതന്ത്ര ശുശ്രൂഷകൾക്ക് ശേഷം 2020 മുതൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിദേശയാത്രകളുടെ ചുമതലയുള്ള സ്റ്റേറ്റ് നയതന്ത്ര ഉദ്യോഗസ്ഥനായി സേവനം അനുഷ്ഠിക്കവേയാണ് പുതിയ നിയോഗം. വിരമിച്ച മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിയാണ് സിറോ മലബാർസഭയിൽ നിലവിലെ ഏക കർദ്ദിനാൾ. പരേതരായ ജോസഫ് പാറേക്കാട്ടിൽ, ആന്റണി പടിയറ, വർക്കി വിതയത്തിൽ എന്നിവരാണ് സഭയിൽ ഇതുവരെയുള്ള കർദ്ദിനാൾമാർ.


Source link
Exit mobile version