ലോകസമാധാനത്തിനായി ഇന്നു പ്രാർഥനാദിനാചരണം
വത്തിക്കാൻ: ഇസ്രയേലിനുനേരേ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഒന്നാം വാർഷികദിനമായ ഇന്ന് ലോകസമാധാനത്തിനായി ആഗോള കത്തോലിക്കാസഭ ഉപവാസ പ്രാർഥനാദിനമായി ആചരിക്കും. ഇതേ ഉദ്ദേശ്യത്തോടെ ഇന്നലെ ഫ്രാൻസിസ് മാർപാപ്പ റോമിലെ മേരി മേജർ ബസിലിക്കയിലെത്തി ജപമാലപ്രാർഥന നടത്തി. ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും നടമാടുന്നതിനിടെ, വിശ്വാസത്താൽ പ്രേരിതരായി പ്രാർഥനയുടെയും ഉപവാസത്തിന്റെയും ആയുധങ്ങളേന്തി സമാധാനത്തിനായി പോരാടാൻ എല്ലാവരോടും മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു. ഒക്ടോബർ ഏഴ് പ്രസിദ്ധമായ ഒരു നാവിക യുദ്ധവിജയത്തിന്റെ അനുസ്മരണദിനംകൂടിയാണ്. 1571 ഒക്ടോബർ ഏഴിനാണ് ഗ്രീസിൽ കോറിന്ത് ഉൾക്കടലിലെ ലെപ്പാന്തോയിൽ നടന്ന നാവികയുദ്ധത്തിൽ യൂറോപ്പ് കീഴടക്കാൻ പോയ ഓട്ടോമൻ സാമ്രാജ്യത്തിന്റെ നാവികപ്പടയെ യൂറോപ്യൻ ശക്തികൾ പരാജയപ്പെടുത്തിയത്. 1453ൽ കോൺസ്റ്റാന്റിനോപ്പിളിലെ ഹാഗിയ സോഫിയ പള്ളി പിടിച്ചെടുത്തതുപോലെ റോമിലെ വിശുദ്ധ പത്രോസിന്റെ മഹാദേവാലയവും അധീനമാക്കുകയായിരുന്നു ഓട്ടോമൻ ലക്ഷ്യം.
അഞ്ചാം പീയൂസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം നടത്തിയ യുദ്ധത്തിൽ നേടിയ വിജയം ദൈവമാതാവായ പരിശുദ്ധ കന്യകമറിയത്തിന്റെ മധ്യസ്ഥതയിലാണെന്ന് ക്രൈസ്തവലോകം വിശ്വസിക്കുന്നു. മാതാവിനോടു പ്രാർഥിച്ചുകൊണ്ട് യുദ്ധത്തിനൊരുങ്ങാൻ മാർപാപ്പ നിർദേശിച്ചിരുന്നു. യുദ്ധവിജയത്തിനുശേഷമാണ് ഒക്ടോബർ ജപമാലമാസമായി പ്രഖ്യാപിക്കപ്പെട്ടതും വിജയമാതാവിന്റെയും ജപമാല രാജ്ഞിയുടെയും തിരുനാളുകൾ ആരംഭിച്ചതും. ലെപ്പാന്തോ യുദ്ധവിജയത്തിന്റെ വാർഷികദിനത്തിൽ ലോകസമാധാനത്തിനുവേണ്ടി പ്രാർഥിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തത് ലോകത്തിനു പ്രത്യാശ നൽകുന്നു.
Source link