വന്യജീവി ആക്രമണം: സൗരോർജ തൂക്കുവേലി നിർമ്മാണം മുടങ്ങി ആവശ്യത്തിന് ഫണ്ടില്ല
പത്തനംതിട്ട: വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാനുള്ള വനംവകുപ്പിന്റെ സൗരോർജ തൂക്കുവേലി നിർമ്മാണം ആവശ്യത്തിന് ഫണ്ടില്ലാത്തതുമൂലം മുടങ്ങി. തദ്ദേശ സ്ഥാപനങ്ങളുടെ സഹായംകൂടി ലഭ്യമാക്കി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അവർക്കും ഫണ്ട് ലഭ്യമാക്കാനാകുന്നില്ല. കണ്ണൂരിലും കാസർകോടും ഇടുക്കിയിലും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി ആരംഭിച്ചെങ്കിലും ആദ്യഘട്ടത്തിൽ തന്നെ നിലച്ചു. പത്തനംതിട്ടയിൽ കോന്നി, റാന്നി ഡിപ്പോകളിൽ പഞ്ചായത്തുകൾക്ക് പണമില്ലാത്തതു കാരണം നടന്നില്ല.
ഗ്രീൻ ഇന്ത്യ മിഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്രം വനംവകുപ്പിന് അനുവദിക്കുന്ന ഫണ്ട് ഇത്തരം പദ്ധതികൾക്ക് മതിയാകില്ലെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. അതേസമയം, വന്യമൃഗങ്ങൾ മനുഷ്യരെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതും തടയാൻ സംസ്ഥാനം ആവിഷ്കരിച്ച പദ്ധതിക്ക് കേന്ദ്രസർക്കാരിൽ നിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. വനാതിർത്തികളിലെ ജനവാസമേഖലയിൽ ട്രഞ്ച്, റെയിൽപ്പാള വേലി, സൗരോർജ തൂക്കുപാലം, ആനമതിൽ എന്നിവ നിർമ്മിക്കാൻ 650 കോടിയുടെ പദ്ധതി 2022ലാണ് സമർപ്പിച്ചത്. വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകൾ മറ്റു സംസ്ഥാനങ്ങളേക്കാൾ കൂടുതൽ കേരളത്തിലാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
ഒരു കിലോമീറ്ററിന്
6.5 ലക്ഷം രൂപ
ഒരു കിലോമീറ്റർ സൗരോർജ തൂക്കുവേലിക്ക് 6.5ലക്ഷം രൂപ ചെലവുവരും. നിശ്ചിത അകലത്തിൽ 14 അടി ഉയരത്തിൽ ഇരുമ്പ് തൂണുകൾ മൂന്നടി താഴ്ചയിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കും
തൂണുകളെ തമ്മിൽ 1.5 എം.എം കമ്പികളുമായി ബന്ധിപ്പിക്കും. അതിൽനിന്ന് 12എം.എം കമ്പികൾ താഴേക്ക് തൂക്കിയിടും. വേലിയെ സൗരോർജ ബാറ്ററിയുമായി ബന്ധിപ്പിക്കും
വേലിയിൽ തൊടുന്ന മൃഗങ്ങൾക്ക് ചെറിയ തോതിൽ ഷോക്കേൽക്കും
Source link