KERALAM

2 ലക്ഷം രൂപ കൈക്കൂലി : നഗരസഭയിലെ ചാർജ് ഓഫീസർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ തിരുവനന്തപുരം നഗരസഭയിലെ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. നഗരസഭയുടെ ആറ്റിപ്ര സോണൽ ഓഫീസിലെ ചാർജ് ഓഫീസറും മുൻപ് പ്രധാന ഓഫീസിൽ എൻജിനിയറിംഗ് വിഭാഗം സൂപ്രണ്ടുമായിരുന്ന ഷിബു.കെ.എമ്മിനെയാണ് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സംബശിവ റാവു സസ്‌പെൻഡ് ചെയ്ത്.

കൈക്കൂലി വാങ്ങിയെങ്കിലും കാര്യം നടന്നില്ല. മന്ത്രി എം.ബി.രാജേഷ് ജില്ലയിൽ നടത്തിയ അദാലത്തിൽ അപേക്ഷ നൽകിയതോടെ പ്രശ്നത്തിന് പരിഹാരമായി പിന്നാലെയാണ് പരാതിയുമായി ഉടമ രംഗത്തെത്തിയത്. കവടിയാറിൽ ഡോ.ആരിഫ സൈനുദ്ദീന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് വർഷങ്ങളായി ഉദ്യോഗസ്ഥൻ തടസവാദങ്ങൾ ഉന്നയിക്കുകയും ഇതിനായി ഇക്കഴിഞ്ഞ ജൂണിൽ രണ്ട് ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. പിന്നാലെ ഉടമസ്ഥർ വിളിച്ചെങ്കിലും ഷിബു ഫോണെടുത്തില്ല. പ്രതിസന്ധിയിലായ കുടുംബം അവസാന പ്രതീക്ഷയായാണ് ഒക്യുപെൻസിയ്ക്കായി അദാലത്തിൽ അപേക്ഷിച്ചത്. ഈ ഘട്ടത്തിൽ കൈക്കൂലി കാര്യം ഉടമസ്ഥർ പറഞ്ഞില്ല. അദാലത്തിൽ വിഷയം പരിഹരിച്ചതോടെ ഉദ്യോഗസ്ഥനെ ബന്ധപ്പെട്ട് പണം തിരികെ ചോദിച്ചു. പണം തിരികെ നൽകിയില്ലെന്ന് മാത്രമല്ല അദാലത്തിലെതീരുമാനം നടപ്പാക്കുന്നത് തടയാനും നീക്കം നടത്തി. ഇതോടെയാണ് ആരിഫയുടെ ഭർത്താവ് സൈനുദ്ദീൻ നഗരസഭയ്ക്ക് പരാതി നൽകിയത്. ഡെപ്യൂട്ടി സെക്രട്ടറി നടത്തിയ പ്രാഥമികാന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതോടെയാണ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്. പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.


Source link

Related Articles

Back to top button