റയൽ, ബാഴ്സ ജയിച്ചു
മാഡ്രിഡ്: ഫെഡറിക്കോ വാൽവെർദെ, വിനീഷ്യസ് ജൂണിയർ എന്നിവരുടെ ഗോളുകളിൽ റയൽ മാഡ്രിഡിനു ജയം. ലാ ലിഗ ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ റയൽ 2-0നു വിയ്യാറയലിനെ തോൽപ്പിച്ചു. 14-ാം മിനിറ്റിൽ ലൂക്ക മോഡ്രിച്ച് കോർണറിൽനിന്നു നല്കിയ പാസ് ബോക്സിനു പുറത്തുനിന്നു വാൽവെർദെ തൊടുത്ത പന്ത് വിയ്യാറയൽ താരത്തിന്റെ ദേഹത്ത് തട്ടി വലയിൽ കയറി. 73-ാം മിനിറ്റിൽ വിനീഷ്യസ് റയലിന്റെ ജയം ഉറപ്പിച്ച് ബോക്സിനു പുറത്തുനിന്നു പന്ത് വലയിലാക്കി. പ്രതിരോധതാരം ഡാനി കർവാഹലിനു പരിക്കേറ്റതു റയലിനു തിരിച്ചടിയായി. വലതു കാലിനു ഗുരുതരമായി പരിക്കേറ്റ താരത്തെ സ്ട്രെച്ചറിലാണു കളത്തിനു പുറത്തെത്തിച്ചത്. പുറത്തുവന്ന മെഡിക്കൽ റിപ്പോർട്ടിൽ ലിഗ്മെന്റിനാണു പരിക്കെന്നും ഇതിനു ശസ്ത്രക്രിയ വേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു. കർവാഹലിന് ഈ സീസണിൽ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കും.
ലെവൻ ട്രിക്ക് റോബർട്ട് ലെവൻഡോവ്സ്കിയുടെ ഹാട്രിക് മികവിൽ ബാഴ്സലോണ 3-0ന് അലാവ്സിനെ തോൽപ്പിച്ചു. ഏഴ്, 22, 32 മിനിറ്റുകളിലാണ് ലെവൻഡോവ്സ്കിയുടെ ഗോളുകൾ. ഇതോടെ ഗോളടിയിൽ ഒന്നാമതുള്ള ലെവൻഡോവ്ക്സിയുടെ ഗോളെണ്ണം 13 എണ്ണമായി. തുറാം ഹാട്രിക്കിൽ ഇന്റർ മിലാൻ: മാർകസ് തുറാമിന്റെ ഹാട്രിക്കിൽ ഇന്റർ മിലാനു ജയം. ഇറ്റാലിയൻ സിരീ എ ഫുട്ബോളിൽ ഇന്റർ 3-2ന് പത്തു പേരുമായി മത്സരം പൂർത്തിയാക്കേണ്ടിവന്ന ടോറിനോയെ പരാജയപ്പെടുത്തി. 25, 25, 60 മിനിറ്റുകളിലാണു തുറാം വലകുലുക്കിയത്. ജയത്തോടെ ഇന്റർ രണ്ടാം സ്ഥാനത്തെത്തി. ടോറിനോയ്ക്കായി ഡുവാൻ സപാറ്റ (36’), നികോള വ്ളാസിച്ച് (86’) എന്നിവർ വലകുലുക്കി. 20-ാം മിനിറ്റിലാണു ടോറിനോയുടെ ഗില്ലേർമോ മാരിപാൻ ചുവപ്പു കാർഡ് കണ്ടത്. ജയത്തോടെ ഇന്റർ 14 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.
Source link