സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി വർഗീയവാദിയെന്ന് പി.വി. അൻവർ
മലപ്പുറം: സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് വർഗീയവാദിയും ആർ.എസ്.എസുകാരനുമാണെന്ന് പി.വി. അൻവർ എം.എൽ.എ. മുസ്ലിമായതിനാലാണ് അദ്ദേഹത്തിന് തന്നോട് വിരോധമെന്നും അൻവർ പറഞ്ഞു.
മോഹൻദാസിന് ഇസ്ലാമെന്നാൽ ഭീകരതയാണ്. ആർ.എസ്.എസിന് വേണ്ടിയാണ് അദ്ദേഹം രാപ്പകൽ പ്രവർത്തിക്കുന്നത്. ക്രിസ്ത്യൻ ന്യൂനപക്ഷത്തോടും കടുത്ത വിരോധമുള്ളയാളാണ് മോഹൻദാസ്. മോഹൻദാസിനെതിരായ കാര്യങ്ങൾ നിലമ്പൂരിൽ ഞായറാഴ്ച നടക്കുന്ന പൊതുസമ്മേളനത്തിൽ തെളിവ് സഹിതം വെളിപ്പെടുത്തുമെന്നും അൻവർ പറഞ്ഞു.
നിലമ്പൂരിലെ വികസനം മുടങ്ങാൻ കാരണം മോഹൻദാസാണ്. മലയോര മേഖലയിൽ ക്രൈസ്തവ സഭകൾക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എം.എൽ.എ ഫണ്ടിൽ നിന്ന് സഹായം നൽകിയിരുന്നു. മോഹൻദാസ് ഫോണിൽ ബന്ധപ്പെട്ട് മതന്യൂനപക്ഷങ്ങൾക്ക് ഫണ്ട് കൊടുക്കുന്നത് നിറുത്തണമെന്ന് ആവശ്യപ്പെട്ടു.
ആർ.എസ്.എസ് ബന്ധത്തിന്റെ പേരിൽ ആറുമാസം മുമ്പ് ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് ഒരു സെക്രട്ടേറിയറ്റ് അംഗം അദ്ദേഹത്തെ കൈയേറ്റം ചെയ്തിട്ടുണ്ട്. മുൻ എസ്.പി സുജിത്ദാസിന് പ്രിയപ്പെട്ടവനാണ് മോഹൻദാസ്. സുജിത്ദാസ് മോഹൻദാസിനെക്കുറിച്ച് പറയുന്ന ഫോൺരേഖ കൈയിലുണ്ട്. അതു പുറത്തുവിട്ടാൽ മോഹൻദാസ് പാർട്ടി ഓഫീസിൽ നിന്ന് ഇറങ്ങി ഓടേണ്ടിവരുമെന്നും പി.വി. അൻവർ പറഞ്ഞു.
അൻവറിന്റെ കൈയിൽ വർഗ്ഗീയതയുടെപന്തം: മോഹൻദാസ്
മലപ്പുറം: പി.വി.അൻവർ എം.എൽ.എയുടെ പ്രതികരണത്തെ പുച്ഛത്തോടെ തള്ളുന്നുവെന്നും വർഗ്ഗീയതയുടെ പന്തമാണ് അദ്ദേഹത്തിന്റെ കൈയിലെന്നും സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് മലപ്പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. കെ.ടി.ജലീൽ അൻവറിന്റെ പാതയിലേക്ക് പോവില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു.
വ്യക്തിപരമായ കടന്നാക്രമണമായല്ല, പാർട്ടിക്കെതിരായ കടന്നാക്രമണമായാണ് അൻവറിന്റെ പ്രസ്താവനയെ കാണുന്നത്. അൻവർ വലതുപക്ഷത്തിന്റെ തടവറയിലാണ്. വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിച്ച് മുസ്ലീങ്ങളെ സി.പി.എമ്മിനെതിരാക്കാനാണ് ശ്രമം. ന്യൂനപക്ഷ സുരക്ഷ കമ്മ്യൂണിസ്റ്റുകാരന്റെ രക്തത്തിലലിഞ്ഞ് ചേർന്നതാണ്.
അൻവറിന്റെ വർഗ്ഗീയ അജൻഡ പുറത്തായി: സി.പി.എം
മലപ്പുറം: സി.പി.എം ജില്ലാ സെക്രട്ടറിയെ ആർ.എസ്.എസ്സുകാരനായി ചിത്രീകരിച്ചതിലൂടെ പി.വി. അൻവർ വർഗ്ഗീയ അജൻഡ വെളിപ്പെട്ടെന്ന് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. മതമൗലികവാദികളുടെ പിന്തുണ ഉറപ്പാക്കാനുള്ള അവസാന അടവാണിത്. വർഗ്ഗീയവിഷവും സാമുദായിക ചേരിതിരിവും സൃഷ്ടിച്ച് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് നീക്കം. വിദ്യാർത്ഥികാലം മുതൽ കമ്യൂണിസ്റ്റ് ആശയാദർശങ്ങൾ മുറുകെപ്പിടിക്കുന്ന ജില്ലാ സെക്രട്ടറിക്ക് അൻവറിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. രാഷ്ട്രീയാരോപണങ്ങൾക്ക് മറുപടി പറയുന്നതിനു പകരം വർഗ്ഗീയക്കാർഡിറക്കുകയാണ്. പാർട്ടി ഇസ്ലാംമത വിശ്വാസത്തിനെതിരാണെന്ന് വരുത്താനാണ് ശ്രമം. മുസ്ലിംലീഗും മതമൗലികവാദ സംഘടനകളും വർഷങ്ങളായി ഉന്നയിക്കുന്ന ആക്ഷേപമാണ് അൻവർ ആവർത്തിച്ചത്. ലക്ഷക്കണക്കിന് ഇസ്ലാംമത വിശ്വാസികൾ പാർട്ടി അംഗങ്ങളാണ്. അവരുടെയൊന്നും നിസ്കാരം പാർട്ടി മുടക്കിയിട്ടില്ല.
എ.ഡി.ജി.പിയെ തൊട്ടാൽ
പൊള്ളുന്ന അവസ്ഥ
മലപ്പുറം: എ.ഡി.ജി.പിയെ തൊട്ടാൽ പൊള്ളുന്ന അവസ്ഥയാണെന്നും എന്നാൽ ആർക്കൊക്കെ പൊള്ളുമെന്ന് കേരളം ചർച്ച ചെയ്യട്ടെയെന്നും പി.വി.അൻവർ നിലമ്പൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. നടക്കുന്നത് പച്ചയായ അധികാര ദുർവിനിയോഗമാണ്. കോടതിയിലാണ് പ്രതീക്ഷ. പൊലീസിന്റെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹൈക്കോടതിയിൽ സമർപ്പിക്കും. സ്വർണക്കൊള്ള സംബന്ധിച്ച ദൃശ്യങ്ങളടക്കം നൽകിയിട്ടും പൊലീസ് അന്വേഷിച്ചില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തലുമായി ബന്ധപ്പെട്ടും കൃത്യമായ അന്വേഷണം നടക്കുന്നില്ല.
പ്രതിഷേധത്തിലൂടെ ഭയപ്പെടുത്താനാണ് പാർട്ടി നോക്കിയത്. അൻവറിനെ കൈകാര്യം ചെയ്യണമെന്ന് പാർട്ടി സെക്രട്ടറി ആഹ്വാനം ചെയ്തു. ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞാണ് പാർട്ടി പ്രവർത്തകർ എനിക്കെതിരെ മുദ്രവാക്യം വിളിച്ചത്. അവർ നിസ്സഹായരാണ്. കഴിഞ്ഞ ദിവസം വരെ തന്റെ കൂടെ നിന്നവരാണവർ. അവരെയൊക്കെ കണ്ണുരുട്ടി ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഒറ്റയ്ക്ക് ജീപ്പിന് മുകളിൽ കയറി നിന്ന് പ്രസംഗിക്കും. ഭയമില്ലാത്ത ഒരുപാട് ആളുകൾ എന്റെ പരിപാടിയിലേക്ക് വരും.
Source link