‘കൈയും കാലും വെട്ടും അല്ലേ? വെട്ടിക്കോളൂ’, കൊലവിളി മുദ്രാവാക്യത്തിന് അന്‍വറിന്റെ മറുപടി
മലപ്പുറം: ഒരിക്കലും സിപിഎം എന്ന പാര്‍ട്ടിയേയോ സാധാരണ സഖാക്കളേയോ തള്ളിപ്പറയാന്‍ തയ്യാറാകില്ലെന്ന് പി.വി അന്‍വര്‍ എംഎല്‍എ. മുന്നണി ബന്ധം അവസാനിപ്പിച്ച ശേഷം തനിക്കെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച സിപിഎം പ്രവര്‍ത്തകര്‍ വിളിച്ച കൊലവിളി മുദ്രാവാക്യത്തെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അന്‍വര്‍. തന്റെ കയ്യും കാലും വെട്ടി പുഴയിലെറിയുമെന്ന് പറഞ്ഞ സിപിഎം പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികള്‍ താന്‍ കേട്ടുവെന്നും വെട്ടിക്കോളു എന്നുമാണ് എംഎല്‍എ പ്രതികരിച്ചത്.
പാര്‍ട്ടിയേയോ സാധാരണ പ്രവര്‍ത്തകരേയോ തള്ളിപ്പറയാനോ താന്‍ തയ്യാറാല്ലെന്നും സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് താന്‍ പലതും പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. താന്‍ നടത്തിയ നിരവധി പോരാട്ടങ്ങള്‍ പാര്‍ട്ടിക്കും സഖാക്കള്‍ക്കും വേണ്ടിയായിരുന്നു. പാര്‍ട്ടിക്ക് വേണ്ടി നിരവധിപേരെ താന്‍ ശത്രുവാക്കിയെന്നും അന്‍വര്‍ തുറന്നടിച്ചു. പിതാവിന്റെ സ്ഥാനത്ത് കണ്ട പിണറായി തന്നെ തള്ളിപ്പറഞ്ഞാലും താന്‍ പാര്‍ട്ടിയെ തള്ളിപ്പറയാന്‍ ഒരുമ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നിലമ്പൂര്‍ ചന്തക്കുന്നില്‍ പിവി അന്‍വര്‍ സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ വന്‍ ജനാവലിയാണ് പങ്കെടുക്കുന്നത്. സിപിഎം വിട്ട് അന്‍വറിനൊപ്പം സഹകരിച്ച് മുന്നോട്ട് പോകാനും നിരവധി പേര്‍ ചന്തക്കുന്നിലെ യോഗ സ്ഥലത്ത് വന്നു. പ്രകടനമായിട്ടാണ് അന്‍വര്‍ യോഗ സ്ഥലത്തേക്ക് വന്നത്. മുമ്പ് ഉന്നയിച്ച ആരോപണങ്ങള്‍ അന്‍വര്‍ പൊതുസമ്മേളനത്തിലും ഉന്നയിച്ചു.പൊലീസിന്റെ സ്വര്‍ണക്കടത്ത്, എഡിജിപി അജിത് കുമാറിനെതിരെ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ തുടങ്ങിയവയില്‍ അദ്ദേഹം ഉറച്ച് നിന്നു.
പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി നടത്തുന്ന അനധികൃത ഇടപെടലുകളെ കുറിച്ചും ഇത് കാരണം ജനങ്ങള്‍ക്ക് വെറുപ്പാണെന്ന് പിണറായിയോട് നേരിട്ട് പറഞ്ഞുവെന്നും അന്‍വര്‍ യോഗത്തില്‍ പ്രസംഗിച്ചു. അഞ്ച് മിനിറ്റ് അല്ല മറിച്ച് 37 മിനിറ്റാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യോഗത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പുറമേ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ അന്‍വറിനെ കേള്‍ക്കാനായി പൊതുയോഗം നടക്കുന്ന സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
Source link