‘ഭാര്യയും മകനും രോഗബാധിതരായി, സമാധാനം മുഴുവൻ പോയി’; മോഷ്‌ടിച്ച വിഗ്രഹങ്ങൾ തിരികെ നൽകി കള്ളൻ

ലക്‌നൗ: ക്ഷേത്രത്തിൽ നിന്നും മോഷ്‌ടിച്ച വിഗ്രഹങ്ങൾ തിരികെ നൽകി ക്ഷമാപണം നടത്തി ചോദിച്ച് കള്ളൻ. ഉത്തർപ്രദേശ് പ്രയാഗ് രാജിലെ ഒരു ക്ഷേത്രത്തിൽ നിന്നും മോഷ്‌ടിച്ച കൃഷ്‌ണന്റെയും രാധയുടെയും വിഗ്രഹങ്ങളാണ് കള്ളൻ തിരികെ നൽകിയത്. ഇതിനോടൊപ്പം ക്ഷേത്ര പൂജാരിയോട് ക്ഷമ ചോദിച്ച് മോഷ്‌ടാവ് കത്തും എഴുതി. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത പുറത്തുവിട്ടത്.
ഒക്‌ടോബർ ഒന്നിന് പ്രയാഗ്‌രാജിലെ ഗൗഘട്ട് ആശ്രമ ക്ഷേത്രത്തിന് സമീപമാണ് കള്ളൻ മോഷണ വസ്‌തുക്കൾ ഉൾപ്പെട്ട ചാക്ക് ഉപേക്ഷിച്ച് ഓടിപ്പോയത്. ചാക്കുകെട്ട് അഴിച്ച് നോക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിഗ്രഹങ്ങളോടൊപ്പമുള്ള കത്തിൽ മോഷണം നടത്തിയതിന് പിന്നാലെ കുടുംബത്തിലെ എല്ലാവരും ദുഃസ്വപ്‌നങ്ങൾ കാണുകയാണെന്നും ഭാര്യയും കുട്ടികളും ഉൾപ്പെടെ രോഗബാധിതരായെന്നുമാണ് കത്തിൽ കുറിച്ചിരിക്കുന്നത്.
‘ഞാനൊരു വലിയ തെറ്റ് ചെയ്‌തു. അറിയാതെ ശ്രീകൃഷ്‌ണന്റെയും രാധയുടെയും വിഗ്രഹങ്ങൾ മോഷ്‌ടിച്ചു. ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ മോഷ്‌ടിച്ച അന്ന് മുതൽ ദുഃസ്വപ്‌നങ്ങൾ കാണുകയാണ്. ഉറങ്ങാനും ഭക്ഷണം കഴിക്കാനും സമാധാനമായി ജീവിക്കാനും കഴിയുന്നില്ല. കൂടാതെ എന്റെ ഭാര്യയും മകനും അന്നുമുതൽ ഗുരുതരമായ രോഗബാധിതരായിരിക്കുന്നു. വിഗ്രഹങ്ങൾ വിൽക്കാനും കുറച്ച് പണം സമ്പാദിക്കാനുമാണ് ഞാൻ ആഗ്രഹിച്ചത്. ദൈവത്തോടും പൂജാരിയോടും ക്ഷമാപണം നടത്തുന്നു. വിഗ്രഹങ്ങൾ തിരികെ ഏൽപ്പിക്കുന്നു. അത് പുനഃസ്ഥാപിക്കാൻ പുരോഹിതരോട് അഭ്യർത്ഥിക്കുന്നു ‘, കള്ളൻ എഴുതിയ കത്തിൽ പറയുന്നു.
സെപ്‌തംബർ 23നാണ് മോഷണം നടന്നത്. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
Source link