‘തന്റെ പോക്ക് ജയിലിലേക്ക് അല്ലെങ്കില്‍ വെടിയേറ്റ് വീഴാന്‍’; പാര്‍ട്ടിയുണ്ടാക്കില്ലെന്ന് പി വി അന്‍വര്‍

മലപ്പുറം: ഇടത് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ചെങ്കിലും പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. ജനങ്ങള്‍ ഒരു പാര്‍ട്ടിയായി മാറിയാല്‍ പിന്നിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പല പാര്‍ട്ടികളും തന്നോട് ഒപ്പം പോരാന്‍ ക്ഷണിച്ചുവെന്നും എന്നാല്‍ താന്‍ പോയില്ലെന്നും അന്‍വര്‍ പറയുന്നു. തന്റെ പോരാട്ടം ഭാവി തലമുറയ്ക്ക് വേണ്ടിയാണെന്നും ഒരു അന്‍വര്‍ പോയാല്‍ മറ്റൊരാള്‍ ഉയര്‍ന്നുവരണമെന്നും ചെറുപ്പക്കാര്‍ പിന്തിരിയരുതെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.

തന്നെ വര്‍ഗീയവാദിയായി ചാപ്പക്കുത്താന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്നും തന്റെ പോക്ക് ജയിലിലേക്കാണെന്ന് തനിക്ക് ബോദ്ധ്യമുണ്ടെന്നും അല്ലെങ്കില്‍ താന്‍ വെടികൊണ്ട് വീണേക്കാമെന്നും അന്‍വര്‍ നിലമ്പൂര്‍ ചന്തക്കുന്നിലെ യോഗത്തില്‍ പറഞ്ഞു. എന്തും നേരിടാന്‍ താന്‍ തയ്യാറാണെന്നും ഭീഷണിപ്പെടുത്തി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കേണ്ടെന്നും അന്‍വര്‍ പറഞ്ഞു. രണ്ട് ദിവസം മുമ്പ് വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നിന്നായിരുന്നു അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗം.

കക്കാടംപൊയ്‌യിലെ പാര്‍ക്കിന്റെ കടലാസ് മുഖ്യമന്ത്രിയുടെ മേശപ്പുറത്താണെന്നും അന്‍വര്‍ പറഞ്ഞു. ഒരിക്കലും പാര്‍ട്ടിയെ തള്ളിപ്പറയില്ലെന്നും കാല് വെട്ടിയാല്‍ വീല്‍ചെയറില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മുമായി ചേര്‍ന്ന് സഹകരിക്കാന്‍ തുടങ്ങിയ ശേഷം തന്റെ സ്ഥാപനങ്ങളെല്ലാം നഷ്ടത്തിലായെന്നും അന്‍വര്‍ പറഞ്ഞു. കാക്കി ട്രൗസറിട്ട സിപിഎം ജില്ലാ സെക്രട്ടറിയാണ് മലപ്പുറത്തെ മോഹന്‍ദാസെന്നും അന്‍വര്‍ പരിഹസിച്ചു.

എന്നെ എം.എല്‍.എ. ആക്കിയവരാണ് ഈ നാട്ടിലെ മഹാഭൂരിപക്ഷം സഖാക്കളും. രാപ്പകലില്ലാതെ അധ്വാനിച്ചവരാണ്. ഞാന്‍ മറക്കൂല്ല. നിങ്ങള്‍ കാല് വെട്ടാന്‍ വന്നാലും ആ കാല് നിങ്ങള്‍ കൊണ്ടുപോയാലും ഞാന്‍ വീല്‍ ചെയറില്‍ വരും. അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതണ്ട, വെടിവെച്ചു കൊല്ലേണ്ടി വരും. പറ്റുമെങ്കില്‍ ചെയ്യ്. അല്ലെങ്കില്‍ ജയിലിലില്‍ അടക്കേണ്ടി വരും. പലതും വരുന്നുണ്ടല്ലോ. ഞാന്‍ ഏതായാലും ഒരുങ്ങി നില്‍ക്കുകയാണ്’- പി.വി. അന്‍വര്‍ പറഞ്ഞു.

താന്‍ ചികിത്സാ ചെലവ് ഇനത്തില്‍ പോലും സര്‍ക്കാരില്‍ നിന്ന് ഒരു പണവും കൈപ്പറ്റിയിട്ടില്ലെന്നും അന്‍വര്‍ പറയുന്നു. മുഖ്യന്ത്രി പിണറായി വിജയന്‍, അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി എംആര്‍ അജിത് കുമാര്‍, സിപിഎം നേതൃത്വം എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ശേഷമാണ് അന്‍വര്‍ ഇടത് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് അന്‍വറും പ്രതിരോധിക്കുമെന്ന് സിപിഎമ്മും പ്രഖ്യാപിച്ചിരുന്നു.

സിപിഎം വിട്ട് അന്‍വറിനൊപ്പം സഹകരിച്ച് മുന്നോട്ട് പോകാനും നിരവധി പേര്‍ ചന്തക്കുന്നിലെ യോഗ സ്ഥലത്ത് വന്നു. പ്രകടനമായിട്ടാണ് അന്‍വര്‍ യോഗ സ്ഥലത്തേക്ക് വന്നത്. മുമ്പ് ഉന്നയിച്ച ആരോപണങ്ങള്‍ അന്‍വര്‍ പൊതുസമ്മേളനത്തിലും ഉന്നയിച്ചു.പൊലീസിന്റെ സ്വര്‍ണക്കടത്ത്, എഡിജിപി അജിത് കുമാറിനെതിരെ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ തുടങ്ങിയവയില്‍ അദ്ദേഹം ഉറച്ച് നിന്നു.

പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി നടത്തുന്ന അനധികൃത ഇടപെടലുകളെ കുറിച്ചും ഇത് കാരണം ജനങ്ങള്‍ക്ക് വെറുപ്പാണെന്ന് പിണറായിയോട് നേരിട്ട് പറഞ്ഞുവെന്നും അന്‍വര്‍ യോഗത്തില്‍ പ്രസംഗിച്ചു. അഞ്ച് മിനിറ്റ് അല്ല മറിച്ച് 37 മിനിറ്റാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യോഗത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പുറമേ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ അന്‍വറിനെ കേള്‍ക്കാനായി പൊതുയോഗം നടക്കുന്ന സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.


Source link
Exit mobile version