ക്ലിഫ് ഹൗസിൽ നിർണായക ചർച്ചകൾ, ഡിജിപി ഉടൻ മുഖ്യമന്ത്രിയെ കാണും
തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഡിജിപി ഷേഖ് ദർവേഷ് സാഹിബ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് ക്ലിഫ് ഹൗസിൽ നിർണായക യോഗം. മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ എന്നിവർ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഡിജിപിയും ഉടൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ എത്തും.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെ ഡിജിപി നേരിട്ടാണ് 300 പേജുള്ള റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് കൈമാറിയത്. അതേസമയം, ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന അവലോകന യോഗത്തിൽ അജിത്കുമാറിനെ പങ്കെടുപ്പിച്ചില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് വിലക്കുകയായിരുന്നു. ആർഎസ്എസ് നേതാക്കളുമായുള്ള കൂടികാഴ്ച, പിവി അൻവർ എംഎൽഎ ഉന്നയിച്ച മാമി തിരോധാനക്കേസ്, പൂരംകലക്കൽ തുടങ്ങിയ ആരോപണങ്ങൾക്ക് ഇടയാക്കിയ സാഹചര്യം, ക്രമസമാധന ചുമതലയുള്ള എഡിജിപിയുടെ ജാഗ്രത കുറവ് തുടങ്ങിയ കാര്യങ്ങൾ ഡിജിപി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അജിത്തിനെതിരായി ഇന്നു നടപടി ഉണ്ടായേക്കും. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ അജിത്കുമാർ നൽകിയ വിശദീകരണം തള്ളിയാണ് ഡിജിപി റിപ്പോർട്ട് സമർപിച്ചിരിക്കുന്നത്. അൻവർ എംഎൽഎ ആരോപണമുന്നയിച്ച മാമി തിരോധാനം, റിദാൻ കൊലപാതകം എന്നിവയിൽ അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നും കണ്ടെത്തലുണ്ട്.
കേരളത്തിൽ പ്രധാന ആർഎസ്എസ് നേതാക്കൾ വരുമ്പോൾ താൻ കാണാറുണ്ടെന്നായിരുന്നു അജിത്കുമാർ മുൻപ് നൽകിയ വിശദീകരണം, അജിത്തിന്റെ പ്രവൃത്തി പൊലീസ് ഉദ്യോഗസ്ഥന് ചേർന്നതല്ലെന്ന അഭിപ്രായം റിപ്പോർട്ടിൽ ഡിജിപി ചേർത്തിട്ടുണ്ടെന്നാണു വിവരം.തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ചും അജിത്കുമാറിനെതിരെ റിപ്പോർട്ടിൽ പ്രതികൂല പരാമർശമുണ്ട്. അജിത്തിനെതിരെ കടുത്ത നടപടിയാണ് തൃശൂർ പൂരം വിഷയത്തിൽ പ്രതിഷേധമുയർത്തിയ സിപിഐ പ്രതീക്ഷിക്കുന്നത്.
അതേസമയം, ദൈനംദിന ഓഫീസ് നിർവഹണത്തിന്റെ ഭാഗമായുളള കൂടിക്കാഴ്ചയാണ് ഇന്ന് നടന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നറിയിച്ചു. മുഖ്യമന്ത്രി ഓഫീസിൽ പേഴ്സണൽ സ്റ്റാഫിനെ കാണുന്നതും പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കൽ സെക്രട്ടറിയും അടക്കമുള്ളവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തുന്നതും ദൈനംദിന ഓഫീസ് നിർവഹണത്തിൽ സാധാരണമായ കാര്യമാണ്. അത് മുഖ്യമന്ത്രി തലസ്ഥാനത്തുള്ള എല്ലാ ദിവസവും നടക്കാറുള്ളതുമാണെന്നും അറിയിപ്പിലുണ്ട്.
Source link