ഇനിയും ചെയ്തില്ലേ? അവശേഷിക്കുന്നത് വെറും രണ്ട് നാൾ മാത്രം, എത്രയും വേഗം അടുത്തുളള റേഷൻ കടകളിലെത്തിക്കോ
കോഴിക്കോട്: അന്ത്യോദയ അന്നയോജന മുൻഗണന റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് സമയ പരിധി നീട്ടണമെന്ന ആവശ്യം ശക്തം. എട്ട് വരെയാണ് ജില്ലയിൽ മുൻഗണന വിഭാഗങ്ങളായ മഞ്ഞ, പിങ്ക്, കാർഡുടമകൾക്ക് കെ.വൈ.സി (മസ്റ്ററിംഗ്)ക്കായി അനുവദിച്ചിട്ടുള്ള സമരം.
എന്നാൽ മൂന്ന് മുതൽ ആരംഭിച്ച മസ്റ്ററിംഗ് ജില്ലയിൽ 66ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂ. ഇനിയും നിരവധി പേർ മസ്റ്ററിംഗ് ചെയ്യാനുണ്ട്. പലയിടങ്ങളിലും ആളുകൾ എത്താത്തതും ചിലയിടങ്ങളിൽ ഇ പോസ് മെഷീൻ പണിമുടക്കുന്നതുമാണ് മസ്റ്ററിംഗ് ഇഴയാൻ ഇടയാക്കുന്നത്. സമയ പരിധി കഴിയുന്നതോടെ ഇതുമൂലം നിരവധി പേർ റേഷൻ കാർഡുകളിൽ നിന്ന് നീക്കം ചെയ്യാനുള്ള സാദ്ധ്യത കൂടുതലാണ് റേഷൻ കാർഡിന്റെ മസ്റ്ററിംഗ് തിയതി ഒരാഴ്ച കൂടി നീട്ടി വെക്കണമെന്നാണ് റേഷൻ വ്യാപാരികളുടെ ആവശ്യം.
എണ്ണത്തിൽ കുറവ്
മൂന്ന്ദിവസം പിന്നിട്ടിട്ടും റേഷൻ കടകളിൽ എത്തുന്നത് പരിമിതമായ അംഗങ്ങൾ. നേരത്തെ ആളുകളുടെ എണ്ണം ക്രമാതീതമായി ഉയർന്നതിനാൽ ഇ പോസ് മെഷിൻ പണിമുടക്കിയിരുന്നു. ഇതോടെയായിരുന്നു മസ്റ്ററിംഗ് താത്കാലികമായി നിർത്തിവെച്ചത്. എന്നാൽ മസ്റ്ററിംഗ് പുനരാരംഭിച്ചിട്ടും ഉപഭോക്താക്കൾ എത്തുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. എത്തുന്നവരിൽ തന്നെ കാർഡിലെ മുഴുവൻ അംഗങ്ങളും ഇല്ലാത്ത സ്ഥിതിയും. ഇതോടെ കാർഡിലെ ഒരംഗമെത്തി മസ്റ്ററിംഗ് നടത്തിയതിനുശേഷം മറ്റ് അംഗങ്ങളെ കാത്തു നിൽക്കേണ്ട സാഹചര്യമാണ്. ഇത് തിരക്ക് കൂട്ടാൻ കാരണമാകുകയും ചെയ്യും. നിലവിൽ തിരക്ക് ഇല്ലാത്തതിനാൽ മസ്റ്ററിംഗിന് കുഴപ്പമില്ലെങ്കിലും അവസാന ദിവസങ്ങളിൽ ആളുകൾ കൂടുതൽ എത്തുന്നതോടെ സ്ഥിതി വഷളാകും. വ്യാപാരികൾക്കും ഇത് വലിയ പ്രതിസന്ധിയാണ്.
മസ്റ്ററിംഗ് കൃത്യമായി നടത്തിയില്ലെങ്കിൽ റേഷൻ വിഹിതം ലഭിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനാൽ സമയബന്ധിതമായി മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടില്ലെങ്കിൽ അടുത്തമാസം മുതലുള്ള റേഷൻ വിഹിതത്തിൽ കുറവ് വരും. അതിനാൽ ഇക്കാര്യത്തിൽ കൃത്യമായ ബോധവത്ക്കരണം ആവശ്യമാണെന്നാണ് റേഷൻ വ്യാപാരികൾ ആവശ്യപ്പെടുന്നത്.
ജില്ലയിൽ ആദ്യഘട്ടത്തിൽ റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത് 356493 റേഷൻ കാർഡുകളിലായി 1371060 ഗുണഭോക്താക്കളാണ്. അന്ത്യോദയ അന്നയോജന (എ.എ.വൈ മഞ്ഞ) കാർഡുകളിൽ 126410 ഗുണഭോക്താക്കളും പ്രയോരിറ്റി ഹൗസ് ഹോൾഡ് (പി.എച്ച്.എച്ച് പിങ്ക്) കാർഡുകളിലായി 1244650 പേരുമുണ്ട്. നീല, വെള്ള കാർഡുകാർക്കുള്ള മസ്റ്ററിംഗ് പിന്നീട് നടക്കും.
മസ്റ്ററിംഗ് ചെയ്യാൻ ഞായറാഴ്ചയും റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും.നിലവിൽ റേഷൻ കടകളുടെ പരിസരത്ത് സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ബൂത്തുകളിലാണ് മസ്റ്ററിംഗ് പുരോഗമിക്കുക’. ടി. മുഹമ്മദാലി, സംസ്ഥാന ജനറൽ സെക്രട്ടറി, ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ.
Source link