ഗുരുക്കന്മാർ കുട്ടികളെ ഭയക്കുന്ന അവസ്ഥ മാറണം: വെള്ളാപ്പള്ളി

കൊല്ലം: ഗുരുക്കന്മാർ കുട്ടികളെ ഭയക്കുന്ന അവസ്ഥയാണെന്നും ഇത് മാറണമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ശ്രീനാരായണ സ്ഥാപനങ്ങളിലെ പൂർവ അദ്ധ്യാപകരെ ആദരിക്കാനായി ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംഘടിപ്പിച്ച ഗുരുസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അദ്ധ്യാപകരെ ദൈവമായി പുതിയ തലമുറ കാണുന്നില്ല. അദ്ധ്യാപകർ ശിക്ഷിക്കുന്നത് നന്മയ്ക്ക് വേണ്ടിയാണെന്ന് കുട്ടികൾ മനസിലാക്കുന്നില്ല. ഗുരു എന്നാൽ വെളിച്ചമാണ്. ഇത് മനസിലാക്കാത്തതാണ് പുതിയ തലമുറയിലെ ഒരു വിഭാഗം വഴിതെറ്റാനുള്ള കാരണം. തന്റെ നല്ല വശങ്ങളെല്ലാം അദ്ധ്യാപകരിൽ നിന്ന് ലഭിച്ചതാണ്. അദ്ധ്യാപകർ തല്ലിയെന്ന് പറഞ്ഞാൽ വീട്ടിൽ നിന്ന് രണ്ട് തല്ലുകൂടി കിട്ടുമായിരുന്നു. ശരിയെന്ന് തോന്നുന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കും. അതിന്റെ പേരിൽ മരണത്തിന്റെ വക്കുവരെ എത്തിയിട്ടുണ്ട്.
ഇല്ലാത്തവനെ സ്നേഹിക്കണം. ഇല്ലാത്തവന് നൽകുന്നതാണ് ഏറ്റവും വലിയ ഈശ്വരസേവ. ദൈവത്തിന് വിശപ്പില്ല. ഭക്തർക്കാണ് വിശപ്പ്. കണിച്ചുകുളങ്ങര ക്ഷേത്രം പ്രസിഡന്റ് എന്ന നിലയിൽ പുതിയൊരു സംസ്കാരം കൊണ്ടുവരാൻ കഴിഞ്ഞു. ക്ഷേത്രത്തിലെ സമ്പത്ത് അവിടത്തെ ജനങ്ങളുടെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും പ്രയോജനപ്പെടുത്തി. വിദ്യാഭ്യാസത്തിനും വിവാഹത്തിനും അടക്കം സഹായം നൽകി. പക്ഷെ, യോഗത്തിന്റെ പ്രവർത്തനത്തിലടക്കം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉയർത്തുന്നത്. സ്വാർത്ഥ താല്പര്യങ്ങളില്ല. സമൂഹ താല്പര്യവും സമുദായ താല്പര്യവുമേയുള്ളു. തൊഴിൽ ഉപേക്ഷിച്ചാണ് യോഗത്തിന്റെ പ്രവർത്തനം നടത്തുന്നത്. സമുദായത്തിന് വിദ്യാഭ്യാസ, രാഷ്ട്രീയ നീതി ലഭിക്കുന്നില്ല. ഏഴ് ജില്ലകളിൽ എസ്.എൻ.ഡി.പി യോഗത്തിനും ട്രസ്റ്റിനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. സമുദായ ശക്തി സമാഹരിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയത്തിലൂടെ മറ്റുള്ളവർ എല്ലാം നേടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.സുന്ദരൻ അദ്ധ്യക്ഷനായി. പൂർവ അദ്ധ്യാപകരെയും നേട്ടങ്ങൾ കൈവരിച്ച അവരുടെ കുടുംബാംഗങ്ങളെയും ആദരിച്ചു. മുൻ മന്ത്രി ജി.സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന കോ- ഓഡിനേറ്റർ പി.വി.രജിമോൻ സംഘടനാ സന്ദേശം നൽകി. കൊല്ലം എസ്.സി.ആർ.സി ചെയർപേഴ്സൺ ഡോ. എസ്.ഷീബ സംസാരിച്ചു. കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.വിഷ്ണു സ്വാഗതവും സംസ്ഥാന സെക്രട്ടറി ഡോ. ആർ.വി.സുമേഷ് നന്ദിയും പറഞ്ഞു.
Source link