സിദ്ദിഖിനെ നാളെ ചോദ്യം ചെയ്യും
തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ നാളെ (തിങ്കൾ) അന്വേഷണ സംഘം ചോദ്യം ചെയ്യും. തിരുവനന്തപുരം നാർക്കോട്ടിക് സെൽ എ.സിയാണ് സിദ്ദിഖിന് നോട്ടീസ് നൽകിയത്. നാളെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് എത്തണം. സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടി ദിവസങ്ങൾക്ക് ശേഷമാണ് സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് സിദ്ദിഖ് ഇ മെയിൽ വഴി പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യൽ അന്വേഷണ സംഘത്തിനും സിദ്ദിഖിനും ഒരുപോലെ പ്രധാനമാണ്.
മുൻകൂർ ജാമ്യഹർജിയിൽ 22ന് സുപ്രീം കോടതി വിശദ വാദം കേൾക്കാനിരിക്കയാണ്.
അന്ന് ഇരുകൂട്ടരുടെയും നിലപാട് ചോദ്യം ചെയ്യലിന്റെ കൂടി അടിസ്ഥാനത്തിലാവും.
അന്തിമ വിധിക്ക് മുൻപ് ചോദ്യം ചെയ്യണോ അതോ വിധി വന്ന ശേഷം ചോദ്യം ചെയ്താൽ മതിയോ എന്നതിൽ അന്വേഷണ സംഘത്തിന് ആശയക്കുഴപ്പമുണ്ടെന്ന സൂചനകളുണ്ടായിരുന്നു.
അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ചോദ്യം ചെയ്യലടക്കം പൂർത്തിയായതായി സിദ്ദിഖിന് ചൂണ്ടിക്കാട്ടാം. ചോദ്യം ചെയ്തില്ലെങ്കിൽ, സ്വമേധയാ ഹാജരാകാമെന്ന്അറിയിച്ചിട്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചില്ലെന്നും സിദ്ദിഖിന് വാദിക്കാം. ഈ സാഹചര്യത്തിൽ അന്വേഷണ സംഘത്തിന്റെ നിലപാട് പ്രധാനമാണ്. സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമായിരിക്കും അന്വേഷണ സംഘം കോടതിയിൽ വാദിക്കുക.
Source link