മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് , കെ.സുരേന്ദ്രനടക്കം കുറ്റവിമുക്തൻ

കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികളെയും കാസർകോട് ജില്ല സെഷൻസ് കോടതി കുറ്റവിമുക്തരാക്കി. കെ.സുരേന്ദ്രൻ നൽകിയ വിടുതൽ ഹർജി പരിഗണിച്ചാണിത്. ‘കേസ് കെട്ടിച്ചമച്ചതാണ്. പരാതിയും അന്വേഷണവും അന്തിമ റിപ്പോർട്ടും നിയമാനുസൃതമല്ല.” എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു.
കോടതി നിർദ്ദേശപ്രകാരം ഇന്നലെ മുഴുവൻ പ്രതികളും നേരിട്ട് ഹാജരായിരുന്നു. രാവിലെ 11.45നാണ് വിടുതൽ ഹർജി പരിഗണിച്ചത്. ഹർജി അംഗീകരിച്ച കോടതി കേസിൽ വിചാരണ നടത്തേണ്ട കാര്യമില്ലെന്ന് വിധിപറഞ്ഞു.
എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വി.വി.രമേശനാണ് കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ബി.എസ്.പി സ്ഥാനാർത്ഥിയായിരുന്ന കെ.സുന്ദരയെ തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചെന്നും കോഴയായി രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നുമുള്ള സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. ബദിയടുക്ക പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.സതീഷ് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായക്, ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.വി.ബാലകൃഷ്ണ ഷെട്ടി, കാസർകോട് ജില്ല സെക്രട്ടറി മണികണ്ഠ റൈ, സുരേഷ് നായക്, ലോകേഷ് നോഡ എന്നിവരായിരുന്നു മറ്റു പ്രതികൾ. അഡ്വ.പി.വി.ഹരി കോഴിക്കോട്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കൂടിയായ അഡ്വ.കെ. ശ്രീകാന്ത്, അഡ്വ.സുഷമ നമ്പ്യാർ എന്നിവരാണ് പ്രതിഭാഗത്തിനായി ഹാജരായത്.
Source link